ഒരു നോമ്പു കാലം കൂടി കടന്നു വരുമ്പോൾ !!!
ഒരു നോമ്പുകാലം കൂടി സമാഗതമാവുമ്പോഴാണ് നമ്മുടെ ആയുസ്സിന്റെ പുസ്തകത്തില്‍ ഒരു പേജ് കൂടി മറിക്കപ്പെട്ടുവെന്ന് നമുക്ക് ബോധോദയമുണ്ടാകുന്നത്. ഇത്രവേഗം നോമ്പിങ്ങ് എത്തിയോ..?
🌿 കഴിഞ്ഞ വര്‍ഷത്തെ നോമ്പ്, കഴിഞ്ഞ മാസം കഴിഞ്ഞതുപോലെ. അതങ്ങനെയാണ്. നമ്മുടെയൊക്കെയും മനസ്സിന് വേഗത കൂടിയിരിക്കുന്നു. ദിവസത്തില്‍ 24 മണിക്കൂര്‍ മതിയാകാത്ത അവസ്ഥ. ലക്കും ലഗാനുമില്ലാതെ നമ്മുടെ മനസ്സും ശരീരവും ആര്ത്തലക്കുകയാണ്. ജീവിതം പരമാവധി ആസ്വദിക്കാനുള്ള തത്രപ്പാടുകള്‍. ആധുനിക സൗകര്യങ്ങളുടെ ധാരാളിത്തത്തില്‍ സകലതും മറന്നുകൊണ്ടുള്ള മാത്സര്യത്തിന്റെ മുന്നേറ്റം. ഈ ഓട്ടം മാത്രം പോരല്ലോ നമുക്ക്. ഇന്നല്ലെങ്കില്‍ നാളെ 'അസ്റാഈല്‍' നമ്മെയും സമീപിക്കും...
🌴 അല്ലാഹുﷻവിന്റെ അടുത്തെത്തുമ്പോള്‍ നമ്മുടെ കൈയില്‍ എന്തുണ്ടായിരിക്കും. ജീവിതാവസാനം വരെ, കൈപ്പിടിയിലും പോക്കറ്റിലും കാതോടുകാതോരം കൊണ്ടുനടന്നിരുന്ന മൊബൈല്‍ ഫോണ്‍ നമ്മോടൊപ്പമുണ്ടാവില്ല. താങ്ങും തണലുമായിരുന്ന ജീവിത പങ്കാളിയോ, മക്കളോ ഒപ്പമില്ല. ആറടി മണ്ണറയുടെ ഇരുട്ടില്‍ ഏതാനും തുണിക്കഷ്ണങ്ങള്‍ മാത്രം കൂട്ട്. അല്ലാഹുﷻവിലേക്ക് പറന്നകന്ന ആത്മാവാകട്ടെ ഗതി കിട്ടാതെ അലയേണ്ടി വരുമോ..? ഒരു വീണ്ടുവിചാരം നമ്മുടെ മനസ്സില്‍ ഓടിയെത്തണം. റമളാന്‍ നമുക്കു തരുന്ന ആദ്യസമ്മാനം അതാണ്. *''എന്റെ ഇന്നത്തെ ജീവിതം ധാര്‍മികതയോട് എത്രമാത്രം നീതി പുലര്‍ത്തുന്നു. സധൈര്യം മരണത്തെ നേരിടാന്‍ തനിക്ക് സാധിക്കുമോ..!''*
🌱 ഒരുങ്ങുക, റമളാനിനെ വരവേല്‍ക്കാന്‍. ഇന്നുതന്നെ പ്രതിജ്ഞയെടുക്കുക. ഈ നോമ്പ് തന്റെ മനസ്സിനുള്ളതാണെന്ന്. വ്രതസാധനയുടെ വിശുദ്ധിയില്‍ നമ്മുടെ മനസ്സ് കുളിരണിയണം. വിചാരങ്ങളില്‍, വികാരങ്ങളില്‍ ശക്തമായ കടിഞ്ഞാണാണു റമളാന്‍.. നമ്മുടെ മനസ്സകങ്ങളില്‍ തിന്മയുടെ വിഷവിത്തുകള്‍ വിതറുന്നതും നന്മയുടെ സുഗന്ധം പരത്തുന്നതും ജീവിത ചുറ്റുപാടുകളാണ്. പതിനൊന്നു മാസക്കാലം സാഹചര്യത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ നമ്മെ നയിച്ചിരുന്നത് തിന്മയിലേക്കായിരുന്നുവെങ്കില്‍ ഈ വ്രതനാളുകളില്‍ നമ്മുടെ മനസ്സിന്റെ അടിത്തറ തന്നെ പുതുക്കിപ്പണിയണം. വീട്ടില്‍, കുടുംബത്തില്‍, സമൂഹത്തില്‍, ജോലി സ്ഥലങ്ങളില്‍ മറ്റുള്ളവരുമായുള്ള സഹവാസങ്ങളില്‍... ഇങ്ങനെ നാം ബന്ധപ്പെടുന്ന എല്ലാ മേഖലകളിലും സത്യവും നീതിയും കാത്തുസൂക്ഷിക്കാന്‍ നമുക്ക് കഴിഞ്ഞുവോ..!
☘ അറിഞ്ഞും അറിയാതെയും നമ്മുടെ ചിന്തകളും പ്രവൃത്തികളും എവിടെയെല്ലാം കയറിയിറങ്ങി. സാഹചര്യങ്ങള്‍ക്കനുസരിച്ച് മനസ്സിന് പതര്‍ച്ച സംഭവിച്ച നിമിഷങ്ങള്‍. സ്വന്തത്തെതന്നെ മറന്നുപോയ സന്ദര്‍ഭങ്ങള്‍.. ഓര്‍ത്തു നോക്കൂ... പാളിച്ചകള്‍ ധാരാളം.. തിരുത്ത് വേണമെന്ന് ഇപ്പോള്‍ തോന്നുന്നില്ലേ... അവസരമിതാണ്. വിശുദ്ധ നോമ്പുകാലം. ''റമളാനില്‍ ഒരാള്‍ പ്രവേശിച്ചിട്ടും തന്റെ പാപത്തില്‍നിന്ന് മോചിതനാവാന്‍ സാധിക്കാതെ ആരെങ്കിലും നരകാഗ്നിയില്‍ പ്രവേശിച്ചാല്‍ അല്ലാഹുﷻ അവനെ അകറ്റട്ടെ''
(ഇബ്നു ഖുസൈമ)
ഒരു പ്രവാചക വചനമാണിത്. നോമ്പിനെ സ്വീകരിക്കാന്‍ മാനസികമായി തയ്യാറെടുക്കാത്തവര്‍ക്കാണ് ഈ ഗതികേടുണ്ടാവുക. നോമ്പിന് മനസ്സില്‍ ആതിഥ്യമരുളാത്തവര്‍ക്ക് തീരാനഷ്ടമായിരിക്കുമെന്നു ചുരുക്കം. അശ്ലീല ചിന്തകള്‍ ഇന്ന് വേഗത്തില്‍ മനസ്സില്‍ ആധിപത്യമുറക്കുന്നു...
🌾 ദൈവത്തെക്കുറിച്ചും ആരാധനകളെപ്പറ്റിയും ചിന്തിക്കാന്‍ നമുക്ക് സമയമില്ല. മറ്റേതു വിനോദങ്ങള്‍ക്കും സമയമുണ്ട് താനും. ടെലിവിഷന്‍ കണ്ടിരുന്ന് സമയം പോയതറിഞ്ഞില്ല. നിസ്കാരത്തിന്റെ സമയം അതിക്രമിക്കുകയും ചെയ്തിരിക്കുന്നു. പലര്‍ക്കും ഈ 'സുബദ്ധം' പറ്റുന്നു. മനസ്സ് ദിനചര്യകളില്‍ നല്കുന്ന മുന്‍ഗണനാക്രമമാണ് ഇതിനു കാരണം. മനസ്സിന്റെ വാതിലുകള്‍ക്ക് പിശാച് കാവലിരിക്കുമ്പോള്‍ നന്മയുടെ കിരണങ്ങള്‍ ഉള്ളില്‍ പ്രവേശിക്കുന്നില്ല. പലപ്പോഴും പിശാചിന്റെ ഇച്ഛകള്‍ക്കനുസരിച്ചാണല്ലോ നാം പ്രവര്‍ത്തിക്കുന്നത്. മനസ്സിന്റെ വാതില്‍പ്പടിയില്‍ നിന്ന് പിശാചിനെ ആട്ടിയോടിക്കണമെന്ന് എപ്പോഴെങ്കിലും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടോ..? തോന്നിയാല്‍ മാത്രം പോര നമ്മുടെ കര്‍മങ്ങള്‍ പിശാചിനെതിരിലാവുമ്പോഴേ അവന് നമ്മില്‍ നിന്നകലുകയുള്ളൂ...
🍁 മൊബൈല്‍ ഫോണ്‍ വല്ലാത്തൊരു പിശാചാണ്. ആ 'വസ്തു' നമ്മുടെ എത്രമാത്രം സമയമാണ് കവര്‍ന്നെടുക്കുന്നത്. സമയവിനിയോഗത്തെക്കുറിച്ച് കൃത്യമായ ബോധവല്കരണമാണ് ഇസ്ലാം നല്‍കുന്നത്. കഴിഞ്ഞുപോയ ഓരോ നിമിഷങ്ങളെപ്പറ്റിയും നാം വിചാരണ ചെയ്യപ്പെടും. നമ്മള് ചിന്തിച്ചതും പ്രവര്‍ത്തിച്ചതും നമുക്കെതിരായി സാക്ഷി പറയുന്ന ഒരു സന്ദര്‍ഭം മഹ്ശറയിലുണ്ടാവും. വീണ്ടുവിചാരം വേണ്ടേ നമുക്ക്... പൈശാചികതയുടെ, ഇരുട്ടിന്റെ വ്യവസ്ഥിതികളില്‍നിന്ന് മനസ്സിനെ വിമുക്തമാക്കാനുള്ള പ്രേരണയാണ് റമളാന്‍...
Super
ReplyDelete