ജ്വലിക്കുന്ന കണ്ണുകളുമായി രണ്ടു കടുവകൾ !!!
തിരുനബി (സ) യുടെ പ്രബോധനത്തിനു തടയിടാൻ ശത്രുക്കൾ പല വഴികളും പരീക്ഷിച്ചു. അക്രണമണങ്ങൾ അഴിച്ചു വിട്ട് ഭീഷണികൾ, സ്ഥാനമാനങ്ങൾ, സമ്പൽ സമൃദ്ധി എന്നിവ വെച്ചു നീട്ടിയുള്ള പ്രീണനം ..എല്ലാം പൂർണ പരാജയം.. !
അക്രമണങ്ങളെ സംയമനത്തോടെയും, ഉപരോധങ്ങളെ സഹനത്തോടെയും, ബന്ധവിഛേദങ്ങളെ ബന്ധചേർച്ചയിലൂടെയും, കയ്യേറ്റങ്ങളെ സംയമനത്തോടെയും അവിടുന്ന് നേരിട്ടു. മഹത്തായ അവിടുത്തെ ഉൽകൃഷ്ട സ്വഭാവം കണ്ട് , അകലാൻ ശ്രമിച്ചവരും അടുത്തു , അനുയായികളായി.
മുത്ത് നബി(സ)യെ അപകടപ്പെടുത്താൻ തുനിഞ്ഞ ശത്രു കൂട്ടം ഒരുക്കിയ ഒരോ കെണി വലയും അവിടുന്നു മറികടന്നു.
ഗുണ്ടാതലവനായ മഅമറുബ്നു യസീദിനെ സമീപിച്ച് ഒരിക്കൽ ഖുറൈശികൾ സഹായം തേടി .ബനൂ കിനാന ഗോത്രം മുഴുവൻ അവന്റെ കീഴിലാണ്. തന്റെ ആജ്ഞാനുവർത്തികളായി അവർ കൂടെയുണ്ടാകുമെന്ന് മഅമറിനു പൂർണ ബോധ്യമുണ്ട്.
ഖുറൈശികൾ മഅമറിന്റെ സമീപം വന്നു ഇപ്രകാരം പറഞ്ഞു "നമ്മുടെ വിഗ്രഹങ്ങളെയും ആചാരങ്ങളെയും തള്ളി മുഹമ്മദ് ഏകദൈവ വിശ്വാസത്തിലേക്ക് പ്രബോധനം നടത്തി കൊണ്ടിരിക്കുന്നു. അതിനു തടയിടാനുള്ള ഞങ്ങളുടെ എല്ലാ ശ്രമങ്ങളും പരാചയപ്പെടുത്തി കൊണ്ട് മുഹമ്മദ് തന്റെ പ്രസ്ഥാനവുമായി ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു. ആയതിനാൽ മുഹമ്മദിനെ കായികമായി നേരിട്ട് ആ ശല്യം എന്നത്തേക്കുമായി അവസാനിപ്പിക്കാൻ ഞങ്ങൾക്ക് താങ്കളുടെ സഹായം വേണം അതിനു വേണ്ടിയാണ് ഞങ്ങൾ അങ്ങയെ സമീപ്പിച്ചത് "
മഅമർ: അത് ഞാനേറ്റു.മുഹമ്മദിനെ ഞാൻ കൈകാര്യം ചെയ്യാം. എന്റെ കീഴിയിൽ ഇരുപതിനായിരം സായുധ പോരാളികളുണ്ട്. മുഹമ്മദിനോ അദ്ധ്യേഹത്തിന്റെ കുടുംബമായ ബനൂ ഹാശിമിനോ എന്നോട് ഏറ്റുമുട്ടാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.
മുഹമ്മദിനെ വകവരുത്തിയതിനു പകരം കുടുംബം എന്നോട് ദിയത് ( നഷ്ടപരിഹാരം) ആവശ്യപ്പെട്ടാൽ ,അവർ ചോദിച്ചതിന്റെ പത്തിരട്ടി ഞാൻ നൽകും."
വലിയ ധനാഢ്യനും, ഗുണ്ടാ തലവനും, നീചനുമായ മഅമർ, ഖുറൈശികൾ ആവശ്യപ്പെട്ട ദിവസം ആയുധമണിഞ്ഞു തയ്യാറായി. പടയങ്കി രണ്ടണ്ണമായിരുന്നു അന്നവൻ ധരിച്ചത്. മുത്ത് നബി(സ) യെ വധിക്കാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി അവനിറങ്ങി.
ആരംഭ നബിയോർ ഇപ്പോൾ കഅബക്കു ചാരെ ഹിജ്റു ഇസ്മാഈലിൽ നിസ്കാരത്തിലായി മുഴുകിയിരിക്കുന്നു. എല്ലാം മറന്നു സർവ്വ സൃഷ്ടാവിനോടുള്ള സംഭാഷണത്തിൽ ലയിച്ചിരിക്കുകയാണ വിടുന്നു.
തിരുദൂതരെ അന്വേഷിച്ച് നടക്കുകയാണ് മഅമറും സംഘവും.ഹിജ്റിൽ നിസ്കാര ത്തിലായി അവിടുത്തെ കണ്ടപ്പോൾ അവർ ആർത്തു "മുഹമ്മദിതാ നിസ്കരിക്കുന്നു"
തന്നെ അപകടപ്പെടുത്താനായി വന്ന മഅമറിന്റെയും സംഘത്തിന്റെയും സന്നിദ്ധ്യം ആറ്റലോരറിഞ്ഞു.
പക്ഷെ അവിടുന്ന് ഭയപ്പെട്ടില്ല. നാഥന്റെ മുമ്പിലുള്ള ശ്രേഷ്ട നിസ്കാരത്തിൽ തന്നെ തുടർന്നു.
ആറ്റലോർ സൂജൂദിലായി വീണപ്പോൾ ആ ദുഷ്ടൻ വാൾ ഉറയിൽ നിന്നൂരി. മുത്ത് റസൂലിനെ വെട്ടാനായി ഒരുങ്ങി. അതിനായി അവൻ നബി(സ)യുടെ സമീപത്തേക്ക് ഊരി പിടിച്ച വാളുമായി നീങ്ങി. അവിടുത്തെ സമീപത്തെത്തിയ പ്പോൾ അവൻ വാൾ വലിച്ചെറിഞ്ഞു പിന്തിരിഞ്ഞോടി. ഓടി സ്വഫാ കവാടത്തിലെത്തിയപ്പോൾ അവൻ മറിഞ്ഞു വീണു. ആ വീഴ്ചയിൽ അവന്റെ പടയങ്കി അഴിഞ്ഞു വീണു. ഒരു പാറക്കല്ലിൽ മുഖം പതിഞ്ഞു നിണം പൊടിഞ്ഞു.മുഖത്തിലൂടെ രക്തം ചാലിട്ടൊഴുകി. എങ്കിലും അവൻ എഴുനേറ്റോടി. തിരിഞ്ഞു നോക്കാതെ ഒരേ ഓട്ടം. പേടിച്ചരണ്ട ആ ഭീരു ഓടി തളർന്നു.'ബത്വഹാഇ 'ലെത്തിയപ്പോഴാണ് അവൻ നിന്നത്. ഓടിക്കൂടിയ ജനം അവനെ പൊതിഞ്ഞു. ചിലർ മുഖത്തിലൂടെ ഒലിച്ചിറങ്ങിയ രക്തം കഴുകി കൊടുത്തു.
"നിങ്ങൾക്കെന്തു പറ്റി?" ആളുകൾ ചോദിച്ച .
ഭയം വിട്ടുമാറാതെ വിറച്ചു കൊണ്ടിരിക്കുന്ന അവൻ ദേഷ്യപ്പെട്ടു. " ഒന്നു പോവുന്നുണ്ടോ?"
"എന്താണ് സംഭവിച്ചതെന്ന് പറയൂ " ജനം വീണ്ടും ആവശ്യപ്പെട്ടു.
അദ്ധ്യേഹം പറഞ്ഞു '' ഇന്നത്തെ പോലെ ഞാൻ ഭയപ്പെട്ട മറ്റൊരു ദിവസം വേറെയില്ല"
കുറച്ച് സമയം എന്നെ വെറുതെ വിടൂ. ഞാനൊന്ന് സമാധാനിക്കട്ടെ .
അൽപ സമയത്തേക്ക് അവർ അദ്ധ്യേഹത്തെ തനിച്ച് വിട്ടു. അൽപ നേരം കഴിഞ്ഞു .ശാന്തനായി. അദ്ധ്യേഹത്തിനു ഭയം വിട്ടുമാറിയപ്പോൾ അവർ വീണ്ടും സമീപിച്ച് ചോദിച്ചു.
അദ്ധ്യേഹം വിശദീകരിച്ചു "മുഹമ്മദ് നിസ്കാരത്തിനിടെ സുജൂദിൽ വീണപ്പോൾ വധിക്കാൻ ഏറ്റവും നല്ല സുവർണാവസരമായി മനസ്സിലാക്കി ഞാൻ ഊരിപ്പിടിച്ച വാളുമായി വെട്ടാനൊരുങ്ങി. അതിനായി മുഹമ്മദിന്റെ ശിരസ്സിനരികിലെത്തി. അപ്പോഴാണ് ഞാനാ രംഗം കണ്ടത് , മുഹമ്മദിന്റെ തലക്കരികിൽ കടിഞ്ഞാണിൽ ബന്ധിക്കപ്പെട്ട രണ്ടു ഉഗ്ര കടുവകൾ...!
അവയുടെ കണ്ണിൽ നിന്ന് തീ പാറുന്നു..!
ശൗര്യവും ക്രൗരവും നിറഞ്ഞ അവയുടെ നോട്ടം കണ്ട് ഞാൻ ഭയന്നു പോയി.
പ്രാണനുമായി ഞാൻ പിന്തിരിഞ്ഞോടി. ഇനി മുഹമ്മദിനെതിരെ ഒരു നീക്കത്തിനും ഞാനില്ല"
Post a Comment