നോമ്പിലൂടെ ആത്മീയ ശക്തി കൈവരിക്കുക!!!
നോമ്പുകാലത്ത് ധര്‍മനിഷ്ഠമായ മനസ്സും അതിനുശേഷം എന്തു തോന്നിവാസവുമാകാമെന്നുമാണ് ചിലരുടെ ധാരണ. അല്ലെങ്കില്‍ അവരുടെ ജീവിതത്തില്‍നിന്ന് മനസ്സിലാകുന്നത് അതായിരിക്കും. ചിട്ടയായ ഇസ്‌ലാമിക ജീവിതത്തിന്റെ പാഠശാലയാണ് റമളാന്‍. ഒരു മുസ്‌ലിമിന്റെ ജീവിതം എങ്ങനെയായിരിക്കണമെന്ന കൃത്യമായ നിര്‍വചനം. പക്ഷെ, പലരും നോമ്പുകാലത്തെ തീറ്റയുടെ മാസമായി ചിത്രീകരിച്ചിരിക്കുന്നു. നോമ്പുതുറകളുടെയും സല്‍കാരങ്ങളുടെയും പ്രളയമാത്സര്യങ്ങള്‍ ഈ വേളയുടെ ആത്മീയ മൂല്യത്തെ കളങ്കപ്പെടുത്തുന്നുണ്ടെന്നു പറയാതെ വയ്യ. പകല്‍ പട്ടിണിയും രാത്രി സുഭിക്ഷതയുടെ ആധിക്യവും.
📎 നോമ്പിന്റെ ലക്ഷ്യം അതല്ല. വിശപ്പിലൂടെ മനസ്സിനെയും ശരീരത്തെയും വിമലീകരിക്കുന്ന സംസ്‌കൃതിയാണത്. ഭക്ഷണ ധാരാളിത്തവും പൊങ്ങച്ചവും ആര്‍ഭാടവുമെല്ലാം തെറ്റായ കാര്യങ്ങളാണ്. നോമ്പുപോലുള്ള ആരാധകളോടൊപ്പം അനാചാരങ്ങള്‍ തിരുകിക്കയറ്റുന്നതിനെതിരെയും ജാഗ്രത വേണം. അത്താഴത്തിനും നോമ്പുതുറ വേളയിലും മതിയായ ഭക്ഷണം ലഭിക്കാതിരുന്ന ഒരു കാലഘട്ടത്തെക്കുറിച്ച് നമ്മുടെ കാരണവന്മാരോട് ചോദിച്ചു നോക്കുക. വിശപ്പ് അവരുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. വിശപ്പിനെ സന്തോഷത്തോടെ അതിജയിക്കാനുള്ള ശക്തിയും അവര്‍ക്കുണ്ടായിരുന്നു... ഇന്നോ, അര മണിക്കൂര്‍ ഭക്ഷണസമയം തെറ്റുമ്പോഴേക്കും നമ്മുടെ മനസ്സ് ക്ഷോഭ്യമാവും. ശരീരത്തില്‍ പ്രഷറും പ്രമേഹവും വര്‍ദ്ധിക്കും. സഹനശക്തി ആര്‍ക്കുമില്ല. പക്ഷെ നോമ്പ് അവിടെയും പാഠഭേദമായി മാറുന്നു...
📝 ശക്തമായ ക്ഷമ പഠിപ്പിക്കുകയാണ് റമളാന്‍. ശാരീരികവും മാനസികവുമായ എല്ലാവിധ ചാപല്യങ്ങളെയും ക്ഷമ എന്ന ശക്തമായ നൂലുകൊണ്ട് വരിഞ്ഞു മുറുക്കുമ്പോള്‍ നമ്മള്‍ ഊര്‍ജസ്വലരാകുന്നു. ഇതിനുള്ള മാനസിക മുന്നൊരുക്കമാണ് ഇപ്പോള്‍ നമ്മിലുണ്ടാവേണ്ടത്. റമളാനിനെ ഇഷ്ടപ്പെടുന്നവരില്‍, സ്വീകരിക്കുന്നവരില്‍ ഉജ്ജ്വലമായ ത്യാഗമനഃസ്ഥിതി വൈകാതെ കൈവരും. എന്തും ആര്‍ജ്ജവത്തോടെ നേരിടാനുള്ള ശക്തി ഉണ്ടായിത്തീരും...
✏️ ആര്‍ത്തി, അസൂയ, വിദ്വേഷം, ഭയം, അപകര്‍ഷത തുടങ്ങി എല്ലാ ദുഷ്പ്രവണതകളെയും ഇല്ലാതാക്കിയ ശേഷം ആത്മവിശ്വാസത്തിന്റെയും ഉത്കൃഷ്ട വ്യക്തിത്വത്തിന്റെയും ഉടമയായിത്തീരാന്‍ നോമ്പ് അവസരം നല്‍കുന്നു. മുന്‍ചൊന്നപോലെ നോമ്പിനെ നോമ്പായി കാണാന്‍ സാധിക്കുന്നവര്‍ക്കാണിത് സാധ്യമാകുകയെന്നു മാത്രം. അസ്വസ്ഥതകളുടെ നീരാളിപ്പിടുത്തത്തിലാണ് നാമെപ്പോഴും. കാരണങ്ങളേതുമില്ലാതെ തന്നെ നാം വൃഥാ വ്യഥയിലാണ്ടുപോകുന്നു. ഒരു കാര്യത്തിലും തൃപ്തിവരാതെ കൂടുതല്‍ കൂടുതല്‍ നേട്ടങ്ങള്‍ക്കുവേണ്ടിയുള്ള മനസ്സിന്റെ പരക്കം പാച്ചില്‍. ഒടുവില്‍ നിരാശയും തളര്‍ച്ചയും.
📜 ഇവിടെ നോമ്പ് നമുക്ക് ദിശാബോധം നല്‍കുന്നു. അശുഭകരമായ ചിന്തകളില്‍നിന്നാണ് അസ്വസ്ഥകളുണ്ടാകുന്നത്. നേടിയെടുക്കാന്‍ കഴിയാത്തതിനെക്കുറിച്ചും, നേടിയത് നഷ്ടമാകുന്നതിനെക്കുറിച്ചുമുള്ള വ്യഥകളില്‍ മനസ്സ് വ്യാകുലമായിരിക്കും. എങ്കില്‍ എല്ലാം അല്ലാഹുﷻവിലര്‍പ്പിക്കാനുള്ള ഒരു മനസ്സുണ്ടായാലോ..? മനസ്സില്‍ യാതൊരു ഉത്കണ്ഠയുമുണ്ടാകുന്നില്ല...
Post a Comment