റമളാനിൽ ഇതൊന്നും ശ്രദ്ധിക്കാതെ പോകരുത് !!!
നോമ്പ് കാലത്ത് അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരുപാട് നന്മകളുണ്ട്. അത്തരം ചില നന്മകളെ ഓർമപ്പെടുത്തുകയാണിവിടെ
ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളായ അഞ്ചു കാര്യങ്ങളില്‍ നാലാമത്തെതാണ് റമളാന്‍ വ്രതം. അത് മുസ്‌ലിംകള്‍ക്ക് നിര്‍ബന്ധമായ ഇബാദത്താണ്. ഹിജ്‌റ രണ്ടാം വര്‍ഷത്തിലാണ് റമളാന്‍ വ്രതം നിര്‍ബന്ധമാക്കപ്പെട്ടത്. വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു ﷻ പറയുന്നു: ''സത്യവിശ്വാസികളെ, നിങ്ങളുടെ മുന്‍ഗാ
മികള്‍ക്ക് നിര്‍ബന്ധമാക്കപ്പെട്ടതുപോലെ നിങ്ങള്‍ക്കും വൃതാനുഷ്ഠാനം നിര്‍ബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ മുത്തഖിങ്ങൾ ആവാന്‍ വേണ്ടി'' (2:183)
🌱നാം മനുഷ്യരാണ്, പാപങ്ങള്‍ മനുഷ്യ സഹജമാണ്. തെറ്റു കുറ്റങ്ങളില്‍ നിന്നും പൂര്‍ണ്ണമായും വിമുക്തരാകാന്‍ നാമാരും മഅ്‌സൂമീങ്ങളോ മഹ്ഫൂളീങ്ങളോ അല്ല. വിശുദ്ധ ഖുര്‍ആന്‍ കൃത്യമായ ഇടവേളകളില്‍ തൗബയെ കുറിച്ചാവര്‍ത്തിച്ചാവര്‍ത്തിച്ചോര്‍മ്മപ്പെടുത്തുന്നത്, മനുഷ്യന് തെറ്റ് കുറ്റങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണെന്നും, എന്നാല്‍ അതില്‍ നിന്നും തൗബ ചെയ്ത് അല്ലാഹുﷻവിലേക്ക് മടങ്ങുന്നവനാണ് വിജയി എന്നതിലേക്കുമുള്ള സൂചനയാണ്.
ജീവിത കാലം മുഴുവന്‍ കൊള്ളയും കൊലയും നടത്തി വന്ന ഒരു അക്രമി ഇസ്രായീല്‍കാരിലുണ്ടായിരുന്നു. അയാള്‍ ജീവിതത്തിന്റെ സായാഹ്നത്തില്‍ അല്ലാഹുﷻവിങ്കലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. പക്ഷെ, അയാള്‍ക്കൊരു സംശയം. താന്‍ ചെയ്ത അറും കൊലകള്‍ അല്ലാഹു ﷻ പൊറുക്കുമോ..? കണക്ക് കൂട്ടി നോക്കുമ്പോള്‍ 99 പേരെ വധിച്ചിട്ടുണ്ടായിരുന്നു...
അയാള്‍ ഒരു പണ്ഡിത വര്യനെ സമീപിച്ച് സംശയം ചോദിച്ചു. 99 നിരപരാധികളെ കൊന്നവനാണ് ഞാന്‍. ഇപ്പോള്‍ പാശ്ചാത്തപിക്കുന്നു. എനിക്ക് മാപ്പുണ്ടോ..? പണ്ഡിത വര്യന്‍ ഞെട്ടി. അയാള്‍ ക്രൂദ്ധനായി. നിനക്ക് മാപ്പോ..? ഇറങ്ങിപ്പോ..! ഇത് കേട്ട അക്രമി രോഷാകുലനായി. അയാള്‍ തന്റെ വാളൂരി ആ പണ്ഡിതന്റെ കഴുത്തിന് വെട്ടി. നൂറാമന്‍ നീയാകട്ടെ എന്ന് പറഞ്ഞ് ആ വാളിന്മേലുള്ള രക്തം വൃത്തിയാക്കി ഉറയിലിട്ടു. രക്തം ചുറ്റു ഭാഗത്തേക്കും ചീറ്റി. ഒരു തുള്ളി അക്രമിയുടെ ദേഹത്തേക്കും തെറിച്ചു. അവന്‍ പറഞ്ഞു : ഛെ..! നാറുന്ന രക്തം, പണ്ഡിതന്‍ പിടഞ്ഞു മരിക്കുന്നത് കണ്ട് ഒരു രക്ത രക്ഷസിനെപ്പോലെ അയാള്‍ പൊട്ടിച്ചിരിച്ചു..!!
എന്നാല്‍ കോപാഗ്നി കെട്ടടങ്ങിയപ്പോള്‍ പിന്നെയും അയാള്‍ പശ്ചാത്തപിച്ചു. തലയില്‍ മണ്ണ് വാരിയിട്ട് അവിടെ നിന്നോടി. താന്‍ ചെയ്ത മഹാ പാപങ്ങള്‍ക്ക് പ്രായശ്ചിത്തമുണ്ടോ..? അയാള്‍ പിന്നെയും അന്വേഷിച്ച് നടന്നു.
100 പേരെ കൊന്ന മഹാ കൊലയാളിയായ തനിക്ക് പ്രായശ്ചിത്തമുണ്ടോ എന്ന് മറ്റൊരു പണ്ഡിതനെ സമീപിച്ച് ചോദിച്ചപ്പോള്‍, ഉണ്ട്, നിങ്ങള്‍ക്ക് പ്രായശ്ചിത്തമുണ്ട്, നിങ്ങള്‍ ഇപ്പോള്‍ താമസിക്കുന്ന നാട് തിന്മയുടെ നാടാണ്, ആയതിനാല്‍ വിദൂര ദേശത്തുള്ള ഒരു നാട്ടില്‍ പോകണം. അവിടെയുള്ള ജനങ്ങള്‍ അല്ലാഹുﷻവിനെ ആരാധിച്ച് ജീവിക്കുന്നവരാണ്, അവരോടൊപ്പം നീയും അല്ലാഹുﷻവിനെ ആരാധിക്കുക. നീ നിന്റെ നാട്ടിലേക്ക് ഒരിക്കലും മടങ്ങരുത്. എന്ന് ആ പണ്ഡിതനില്‍ നിന്നും അയാള്‍ക്ക് വിവരം കിട്ടി. ഇനിയൊരിക്കലും പാപം ചെയ്യുകയില്ലെന്ന് ദൃഢ പ്രതിജ്ഞയെടുത്ത് കൊണ്ട് അയാള്‍ പ്രായാധിക്യം വക വെക്കാതെ പണ്ഡിതന്‍ പറഞ്ഞ ആ നാട്ടിലേക്ക് ദീര്‍ഘ യാത്ര ആരംഭിച്ചു. എന്നാല്‍ അയാള്‍ വഴി മധ്യേ മരിച്ചു വീണു...
അപ്പോള്‍ അയാളുടെ ആത്മാവ് കൊണ്ട് പോകുന്നതില്‍ രക്ഷയുടേയും ശിക്ഷയുടേയും മലക്കുകള്‍ തര്‍ക്കിച്ചു. രക്ഷയുടെ മലക്കുകള്‍ പറഞ്ഞു : ഇദ്ദേഹം ആത്മാര്‍ത്ഥമായ പ്രായശ്ചിത്തത്തെ ഉദ്ദേശിച്ച് കൊണ്ട് അല്ലാഹുﷻവിലേക്ക് മുന്നിട്ടതാണ്, ആയതിനാല്‍ ഇദ്ദേഹത്തെ നാം സ്വര്‍ഗ്ഗത്തിലേക്ക് കൊണ്ടു പോകും. ശിക്ഷയുടെ മലക്കുകള്‍ പറഞ്ഞു : ഇദ്ദേഹം ജീവിതത്തില്‍ ഒരൊറ്റ നന്മയും ചെയ്തിട്ടില്ല. 100 പേരെ കൊന്ന മഹാ കൊലയാളിയാള്‍, ആയതിനാല്‍ ഇയാളെ നാം നരകത്തിലേക്ക് കൊണ്ട് പോകും...
അവര്‍ പരസ്പരം തര്‍ക്കിക്കുന്നതിനിടയില്‍ മനുഷ്യന്റെ രൂപത്തില്‍ ഒരു മലക്ക് വന്ന് അവര്‍ക്കിടയില്‍ മധ്യസ്ഥം വഹിച്ചു. മലക്ക് പറഞ്ഞു : ഇദ്ദേഹം ഇപ്പോള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്നും ലക്ഷ്യ സ്ഥലത്തേക്കും പുറപ്പെട്ട സ്ഥലത്തേക്കും അളക്കുക. ഏതിനോടാണ് കൂടുതല്‍ അടുത്തത്, അതിന്റെ മലക്കുകള്‍ക്ക് ഇദ്ദേഹത്തെ കൊണ്ടു പോകാം. അങ്ങനെ അവര്‍ രണ്ട് ദൂരവും അളന്നപ്പോള്‍ ലക്ഷ്യ സ്ഥാനം അല്‍പം അടുത്തായിരുന്നു. തത്ഫലമായി റഹ്മത്തിന്റെ മലക്കുകള്‍ അദ്ദേഹത്തെ കൊണ്ട് പോയി...
ഇത് കള്ളക്കഥയോ കെട്ട് കഥയോ അല്ല. ശത്രുക്കള്‍ പോലും അല്‍ അമീന്‍ (വിശ്വസ്തന്‍) എന്ന് ഓമനപ്പേരിട്ട് വിളിച്ച മുത്ത് നബി ﷺ തന്റെ അനുചരന്മാര്‍ക്ക് പറഞ്ഞു കൊടുത്തതായി ഇമാം ബുഖാരിയും മുസ്‌ലിമും ഒന്നിച്ച് റിപ്പോര്‍ട്ട് ചെയ്തതാണിത്.
🌴ഉപര്യുക്ത സംഭവം ആമുഖമായി ഉദ്ദരിച്ചത്, എത്ര വലിയ പാപങ്ങള്‍ ചെയ്തവനും അല്ലാഹുﷻവിങ്കല്‍ പ്രായശ്ചിത്തമുണ്ട് എന്നോര്‍മ്മപ്പെടുത്താനാണ്.
🎊പുണ്യങ്ങളുടെ പൂക്കാലമായി അല്ലാഹു തആല മുഅ്മിനീങ്ങള്‍ക്കായി സമ്മാനിച്ച വിശുദ്ധ റമളാന്‍, 11 മാസങ്ങളിലായി തങ്ങള്‍ ചെയ്ത പാപങ്ങള്‍ കഴുകിക്കളയാനുള്ള അസുലഭാവസരമായി കാണാനും, സുകൃതങ്ങള്‍ കൊണ്ട് സമ്പന്നമാക്കാനും വിശ്വാസികള്‍ ബദ്ധ ശ്രദ്ധരാവേണ്ടതുണ്ട്.
🎉ആരെങ്കിലും റമളാനിനെ എത്തിക്കുകയും അവന്റെ പാപങ്ങള്‍ പൊറുക്കപ്പെടാതിരിക്കുകയും ചെയ്താല്‍ അവനെ അല്ലാഹും ശപിക്കട്ടെ എന്ന് ജിബ്‌രീല്‍ (അ) ദുആ ചെയ്തപ്പോള്‍, നബി ﷺ ആമീന്‍ പറഞ്ഞതായി ഹദീസ് ഗ്രന്ഥങ്ങളില്‍ നമുക്ക് കാണാവുന്നതാണ്.
📚അബൂ ഹുറൈറ (റ) ഉദ്ദരിക്കുന്നു : നബി ﷺ പറഞ്ഞു : ആരെങ്കിലും വിശ്വസിച്ചും കൂലി പ്രതീക്ഷിച്ചും റമളാനില്‍ നോമ്പനുഷ്ടിച്ചാല്‍ അവന്റെ മുന്‍ കഴിഞ്ഞ പാപങ്ങളൊക്കെ പൊറുക്കപ്പെടുന്നതാണ്...
(ബുഖാരി)
Post a Comment