നോമ്പു കാലത്തു പ്രത്യേകം ശ്രദ്ധിക്കേണ്ട ചില വസ്തുതകൾ!!!


നോമ്പ് കാലത്ത്  അറിവില്ലായ്മകൊണ്ടോ അശ്രദ്ധകൊണ്ടോ നമുക്ക് നഷ്ടപ്പെട്ട് പോകുന്ന ഒരുപാട് നന്മകളുണ്ട്. അത്തരം ചില നന്മകളെ ഓർമപ്പെടുത്തുകയാണിവിടെ_*

*📍ഭക്ഷണ പാനീയങ്ങളില്‍ മിതത്വമില്ലായ്മ 🍲*

   ഭക്ഷണ പാനീയങ്ങളില്‍ മിതത്വമില്ലായ്മയെന്നത് ഭക്ഷണം കഴിക്കുന്നിടത്തും ഉപയോഗിക്കുന്നിടത്തും ഒരുപോലെ ബാധകമാണ്. വിശുദ്ധ റമളാനിനെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭക്ഷണത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍. അതിനായി നാം ഒരുങ്ങിക്കഴിഞ്ഞു. നമ്മുടെ കട കമ്പോളങ്ങളും നമുക്ക്മുമ്പേ ഒരുക്കങ്ങളാരംഭിച്ചു. (ഇപ്പോഴത്തെ സാഹചര്യം കാണക്കിലെടുക്കേണ്ട)

 എന്നാല്‍ റമളാന്‍ സുഭിക്ഷമായി ആഹരിക്കേണ്ട മാസമാണോ? ഭക്ഷണ പാനീയങ്ങളില്‍ മിതത്വം പാലിക്കുകയെന്നത് ഇസ്‌ലാമിന്റെ എല്ലാ മാസത്തേക്കുമുള്ള അധ്യാപനമാണ്. പിന്നെ റമളാനിന്റെ കാര്യം പറയേണ്ടതില്ലല്ലോ..? എന്നാല്‍ മനസ്സും ശരീരവും വ്രതമനുഷ്ഠിക്കേണ്ട റമളാനില്‍ ഭക്ഷണ പാനീയങ്ങളില്‍ മിതത്വം പാലിക്കാന്‍ നമുക്ക് എത്രമാത്രം സാധിക്കുന്നുണ്ടെന്ന് നാം ചിന്തിക്കണം. മനുഷ്യന്‍ നിറക്കുന്ന പാത്രങ്ങളില്‍ വെച്ച് ഏറ്റവും മോശമായത് അവന്റെ വയറാണെന്ന പ്രവാചക വചനത്തിന് നാം അടിവരയിടേണ്ടതുണ്ട്. വിശക്കുമ്പോള്‍ മാത്രം ഭക്ഷണം കഴിക്കുകയും വയര്‍ നിറയുന്നതിന്റെ മുമ്പ്തന്നെ ഭക്ഷണത്തളികയില്‍ നിന്ന് കൈവലിക്കുകയും ചെയ്യുന്ന മുന്‍ഗാമികളുടെ മാര്‍ഗത്തിലേക്ക് സഞ്ചരിക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്.

*📍സമയം വെറുതെ പാഴാക്കുന്നു ⏰*

   സമയത്തിന്റെ മൂല്യത്തെക്കുറിച്ച് പലപ്പോഴും നാം വാചാലരാകാറുണ്ട്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയാല്‍ പിന്നീടൊരിക്കലും വീണ്ടെടുക്കാനാകാത്ത അമൂല്യ വസ്തു തന്നെയാണത്. മറ്റു മാസങ്ങളെ അപേക്ഷിച്ച് റമളാനില്‍ നമുക്ക് ഒഴിവുസമയങ്ങള്‍ ലഭിക്കുന്നത് സാധാരണയാണ്. ആവശ്യത്തിലധികം ഉറങ്ങിയും അനാവശ്യ വിനോദങ്ങളിലേര്‍പ്പെട്ടും സമയം വെറുതെ പാഴാക്കിക്കളയുമ്പോള്‍ അല്ലാഹു ﷻ നമുക്ക് കനിഞ്ഞേകിയ വിലപ്പെട്ട ആയുസാണ് നാം പഴാക്കുന്നതെന്ന സത്യം തിരിച്ചറിയാതെ പോകരുത്.

 അല്ലാഹുﷻവിനെക്കുറിച്ചോര്‍ക്കാതെ പോയ ഓരോ സെക്കന്റിനെക്കുറിച്ചും ഖിയാമത്ത് നാളില്‍ മനുഷ്യന്‍ ഖേദിക്കുമെന്ന് പ്രവാചകന്‍ ﷺ നമുക്ക് മുന്നറിയിപ്പ് നല്‍കിയതാണ്. അത്‌കൊണ്ട് സമയത്തെക്കുറിച്ച് നാം ബോധവാന്‍മാരായേ പറ്റൂ. പ്രത്യേകിച്ച് ഓരോ നന്മകള്‍ക്കും സാധാരണത്തേക്കാള്‍ പ്രതിഫലം ലഭിക്കുന്ന റമളാനില്‍. അല്‍പംകൂടി നന്മ അധികരിപ്പിച്ചിരുന്നുവെങ്കില്‍ തനിക്ക് ഇതിനേക്കാള്‍ വലിയ സ്ഥാനം ലഭിക്കുമായിരുന്നല്ലോ എന്ന് സ്വര്‍ഗാവകാശികള്‍ പോലും നാളെ ഖേദിക്കുമെങ്കില്‍ അറിയാതെ പോകരുതേ ഈ സമയത്തിന്റെ മൂല്യത്തെ.

*📍അത്താഴം ഒഴിവാക്കുന്നു 🍲*

   അത്താഴം കഴിക്കാതെ നോമ്പ് നോല്‍ക്കുക എന്നത് അഭിമാനത്തിന്റെ സിമ്പലായി പുതിയ കാലത്ത് മാറിയോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. അത്താഴം പോലും കഴിക്കാതെയാണ് ഞാന്‍ നോമ്പെടുത്തതെന്ന് മേനി പറയുന്നത് ഇടക്കൊക്കെ കേള്‍ക്കാറുമുണ്ട്. എന്തിനാണ് സാധാരണ നിലയില്‍ അത്താഴം ഒഴിവാക്കുന്നത്. അതിനുള്ള കാരണം നേരത്തെ ഉണരാനുള്ള മടിതന്നെയാണ് അധികമാളുകള്‍ക്കും. ചിലര്‍ക്കെല്ലാം ആ സമയത്ത് ഭക്ഷണത്തോട് താല്‍പര്യമില്ലായ്മയും കഴിക്കാന്‍ കഴിയാതിരിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതെല്ലാം അത്താഴം കഴിക്കുകയെന്ന മഹത്തായ സുന്നത്തിനെ നഷ്ടപ്പെടുത്താന്‍ കാരണമാക്കണോ..?

 നിങ്ങള്‍ അത്താഴം കഴിക്കുക, തീര്‍ച്ചയായും അത്താഴത്തില്‍ ബറകത്തുണ്ട് എന്നാണ് പ്രവാചകന്‍ ﷺ നമ്മെ പഠിപ്പിച്ചത്. ഒരു തുള്ളിവെള്ളം കുടിച്ചാലും ആ ബറകത്ത് നമുക്ക് കരസ്ഥമാക്കാനാകുമെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ നമുക്ക് വിശദീകരിച്ചു തന്നിട്ടുമുണ്ട്. അഥവാ ഭക്ഷണത്തോട് എത്ര വിരക്തിയുള്ളവനും ഒരുതുള്ളി വെള്ളം കുടിച്ച് കൊണ്ട് ആ പുണ്യം നേടാം. റമളാനില്‍ മാത്രം ലഭിക്കുന്ന ആ നന്മയെ ഒഴിവാക്കാന്‍ മാത്രം വലുതാണോ വിശ്വാസിയെ സംബന്ധിച്ചിടത്തോളം കുറച്ച്‌നേരത്തെ ഉറക്കം. അത്താഴത്തിന് എണീക്കാതിരിക്കല്‍ വലിയ പാപമായി കണ്ടിരുന്നവരായിരുന്നു നമ്മുടെ മുന്‍ഗാമികള്‍.

*📍മഗ്‌രിബ് ജമാഅത്ത് നഷ്ടപ്പെടുന്നു 👈🏼*

   മഗ്‌രിബ് ജമാഅത്ത് നിസ്‌കാരം പലര്‍ക്കും റമളാനില്‍ നഷ്ടപ്പെടുന്നത് കാണാറുണ്ട്. അതില്‍ പലരും പതിനൊന്ന് മാസക്കാലം ഒരു മുടക്കവും വരുത്താതെ ജമാഅത്ത് ജീവിതത്തില്‍ ശീലമാക്കി കൊണ്ടുവന്നവരായിരിക്കും. വീട്ടില്‍ നിന്ന് നോമ്പ് തുറക്കുകയും പിന്നീട് വീട്ടില്‍നിന്ന് തന്നെ നിസ്‌കരിക്കുകയും ചെയ്യുകയാണ് അത്തരക്കാരുടെ പതിവ്. പ്രത്യേക നേട്ടമൊന്നുമില്ലാതെ ജമാഅത്ത് നഷടപ്പെടുത്തുന്ന പ്രവര്‍ത്തനം എന്നേ അതിനെ കാണാനാവൂ. ഒറ്റക്ക് നിസ്‌കരിക്കുന്നതിനേക്കാള്‍ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്ന ജമാഅത്ത് പരിശുദ്ധ റമളാനില്‍ നാം വെറുതെ കളയണോ എന്ന് ചിന്തിക്കുന്നത് നന്നായിരിക്കും.

*📍മഗ്‌രിബ് ബാങ്കിന്റെ ജവാബ് ഒഴിവാക്കുന്നു 👈🏼*

   മഗ്‌രിബ് ബാങ്ക് വിളിക്കുന്നതോടെ നാം നോമ്പുതുറ ആരംഭിക്കും. ബാങ്കിന്റെ വാക്കുകള്‍ക്ക് നാം ജവാബ് കൊടുക്കാറുണ്ടോ. പലതും നാം കേള്‍ക്കാറുപോലുമില്ലെന്നതാണ് വാസ്തവം. എന്നാല്‍ ബാങ്കിന് ജവാബ് കൊടുക്കല്‍ സുന്നത്തും അതൊഴിവാക്കല്‍ കറാഹത്തുമാണെന്ന് നാം അറിയാതെ പോകരുത്.

*📍മഗ്‌രിബിനു തൊട്ടു മുമ്പ് പ്രാര്‍ത്ഥിക്കാന്‍ മറക്കുന്നു 👈🏼*

   പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്ന നിരവധി സമയങ്ങളില്‍ അതിപ്രധാനമായതാണ് നോമ്പുകാരന്റെ നോമ്പു തുറക്കുന്ന നേരത്തുള്ള പ്രാര്‍ത്ഥന. പ്രഭാതം മുതല്‍ പ്രദോഷം വരെ ദൈവ പ്രീതി മാത്രം കാംക്ഷിച്ച് നോമ്പെടുത്ത വിശ്വാസി നോമ്പ് തുറക്കാന്‍ നേരം അല്ലാഹുﷻവിന്റെ മുമ്പില്‍ കൈ ഉയര്‍ത്തിയാല്‍ അല്ലാഹു ﷻ സ്വീകരിക്കും. എന്നാല്‍ നോമ്പ് തുറക്കാനുള്ള തിരക്കുകള്‍ക്കിടയില്‍ നാം അത് ശ്രദ്ധിക്കാറില്ല. 

 രണ്ടു വര്‍ഷം മുമ്പ് കണ്ണൂരിലെ ഒരു പള്ളിയില്‍ നോമ്പ് തുറക്കാന്‍ ഒരുമിച്ച്കൂടിയതോര്‍ക്കുന്നു. ബാങ്ക് വിളിക്കുന്നതിന്റെ തൊട്ടുമുമ്പ് ഒരു മഹല്ല് കാരണവന്‍ വന്നു. അദ്ധേഹം ദുആ ചെയ്യാന്‍ ഒരു ഉസ്താദിനെ ക്ഷണിക്കുകയും ഉസ്താദ് ഫാത്തിഹ ഓതി ദുആ ചെയ്യുകയും നോമ്പ് തുറക്കാനായി ഒരുമിച്ച്കൂടിയവര്‍ ആമീന്‍ പറയുകയും ചെയ്തു. അതിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത് അവിടെ സ്ഥിരമായി തുടര്‍ന്നു വരുന്ന രീതിയാണത്രേ അത്. തികച്ചും മാതൃകാ പരമായ പ്രവര്‍ത്തനം. എന്ത്‌കൊണ്ടോ ഇത്തരം ഒരു പ്രവര്‍ത്തനം നമ്മുടെ നാടുകളില്‍ കാണാറില്ല. ചുരുക്കത്തില്‍ നമ്മുടെ നീറുന്ന പ്രശ്‌നങ്ങള്‍ നമുക്ക് സ്വന്തമായെങ്കിലും കൈയുയര്‍ത്തി ചോദിക്കാമല്ലോ..?

*📍മഗ്‌രിബിന് മുമ്പുള്ള തസ്ബീഹ് 👈🏼*

   മഗ്‌രിബിന്റെ മുമ്പ് ഒറ്റയായും കൂട്ടമായും തസ്ബീഹ് ചൊല്ലുന്ന സമ്പ്രദായം പരമ്പരാഗതമായി കേരള മുസ്ലിംകള്‍ നിലനിര്‍ത്തി വരുന്നതാണ്. കൊച്ചുനാളില്‍ പോലും അതിനൊരു വീഴ്ച വരുത്താന്‍ മാതാപിതാക്കള്‍ സമ്മതിക്കാറില്ല. നാട്ടിന്‍പുറത്തെ പള്ളികളില്‍ കുട്ടികളും വലിയവരും ഒന്നിച്ചിരുന്ന് അത് ഭംഗിയായി നിര്‍വഹിച്ച്‌പോന്നു. എന്നാല്‍ സ്ഥിരമായി തസ്ബീഹ് നിലനിര്‍ത്തിവരുന്ന പള്ളിയില്‍ പോലും റമളാനില്‍ അങ്ങനെയൊരു ശീലം കാണാറില്ല. ഭക്ഷണത്തളികക്ക് മുമ്പില്‍ മൗനികളായിരിക്കുന്ന കാഴ്ചയാണ് അത്തരം പള്ളി മുറ്റങ്ങളിലും കാണാറുള്ളത്. നിങ്ങളുടെ നാവിന് പറയല്‍ എളുപ്പമായതും എന്നാല്‍ മീസാനെന്ന തുലാസില്‍ ഏറ്റവും ഭാരമേറിയതുമാണെന്ന് പ്രവാചകന്‍ ﷺ പഠിപ്പിച്ച രണ്ട് വാക്കുകളാണ് നമ്മുടെ മുന്‍ഗാമികള്‍ പതിവാക്കിവന്ന തസ്ബീഹ്.

*📍മഗ്‌രിബിന്റെയും ഇഷാഇന്റെയും ഇടയ്ക്കുള്ള പ്രധാനപ്പെട്ട സമയങ്ങള്‍ നഷ്ടപ്പെടുത്തുന്നു 👈🏼*

   മഗ്‌രിബിന്റെയും ഇഷാഇന്റെയും ഇടയ്ക്കുള്ള സമയം വളരെ പ്രധാനപ്പെട്ടതാണ്. ഖുര്‍ആന്‍ പാരായണത്താലും മാല മൗലിദുകളാലും സമ്പന്നമായിരുന്നു ഭൂതകാലത്തെ ആ സമയങ്ങള്‍. എന്നാല്‍ റമളാനില്‍ നോമ്പ് തുറന്നതിന്റെ ക്ഷീണം തീര്‍ക്കാനുള്ള സമയമാണ് പലര്‍ക്കുമത്. ഭക്ഷണം കഴിച്ച് അലസരായി കിടന്നുറങ്ങുന്ന പലരെയും നമുക്ക് കാണാന്‍ കഴിയും. എന്നാല്‍ അത്തരം ശ്രേഷടമായ സമയങ്ങള്‍ റമളാനില്‍ പ്രത്യേകിച്ച് നന്മക്കുവേണ്ടി ചെലവഴിക്കാന്‍ നാം ജാഗ്രത പുലര്‍ത്തണം.

No comments

Powered by Blogger.