നോമ്പു ഖളാഅ് വീട്ടൽ : ഭാഗം 2

    
*പരിഹാര ദാനം (ഫിദ് യ  )*

   നോമ്പനുഷ്ഠിക്കാന്‍ കഴിയാത്തവര്‍ പകരം ചെയ്യേണ്ട അന്നദാനമാണ് ഫിദ്യ. സുഖപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത രോഗം, നീങ്ങുമെന്ന് പ്രത്യാശയില്ലാത്ത വാര്‍ദ്ധക്യം തുടങ്ങിയ പ്രതിബന്ധങ്ങള്‍ക്ക് വേണ്ടി നോമ്പ് ഉപേക്ഷിച്ചവന്‍ ഓരോ ദിവസത്തിന് ഒരു മുദ്ദ് (800 മി.ലി.) വീതം ദാനം ചെയ്യേണ്ടതാണ്. തല്‍സമയത്ത് അതിന് കഴിയുമെങ്കിലാണ് ഇപ്പറഞ്ഞത്. ഖളാഅ് വീട്ടല്‍ ഇവന് ബാധ്യതയില്ല. പിന്നീട്  ഖളാഅ് വീട്ടാന്‍ സാധിച്ചാലും ശരി. കാരണം പ്രസ്തുത സാഹചര്യത്തില്‍ ആദ്യമേ അവന്റെ ബാധ്യത നോമ്പല്ല. മറിച്ച് ഫിദ്യ (പ്രായശ്ചിത്തം)യായി ഒരു നോമ്പിന് ഒരു മുദ്ദ് എന്ന തോതില്‍ ദാനം ചെയ്യലാണ്. രോഗം മൂലം നോമ്പനുഷ്ഠിക്കാന്‍ പ്രയാസമനുഭവപ്പെടുന്ന അവസ്ഥയിലാണീ ആനുകൂല്യം. ഇങ്ങനെ ഫിദ്യ നല്‍കി സ്വഹാബികളില്‍ പലരും പരിഹാരം നിര്‍വഹിച്ചതായി കാണാവുന്നതാണ്. 

 സ്വഹാബികളില്‍ പ്രമുഖനായ അനസ്(റ) രോഗബാധിതനായി കിടന്ന സമയത്തെ നോമ്പ് ഫിദ്യ നല്‍കി പരിഹരിച്ചിരുന്നു. സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗി ഫിദ്യ നല്‍കേണ്ടതില്ല. അതുപോലെ തന്നെ യാത്രക്കാരനും ശൈത്യമുള്ള ദിവസമല്ലാതെ നോമ്പെടുക്കാന്‍ കഴിയാത്തവര്‍ ഉപേക്ഷിക്കുന്ന നോമ്പിനും ഫിദ്യ വേണമെന്നില്ല. ഇവര്‍ക്കെല്ലാം മറ്റൊരിക്കല്‍ നോട്ടുവീട്ടാന്‍ അവസരം പ്രതീക്ഷിക്കാവുന്നതാണല്ലോ.

*📍ഗര്‍ഭിണിയും മുല കൊടുക്കുന്ന സ്ത്രീയും.*

   ഗര്‍ഭിണി, മുല കൊടുക്കുന്ന സ്ത്രീ എന്നിവര്‍ കുട്ടിക്ക് വിഷമം സംഭവിക്കുമെന്ന ഭയമുള്ളത് കൊണ്ട് നോമ്പ് ഉപേക്ഷിച്ചാല്‍ ഒരു മുദ്ദ് ദാനം ചെയ്യുന്നതോടൊപ്പം ഖളാഅ് വീട്ടല്‍കൂടി നിര്‍ബന്ധമാകും. സ്വന്തം കുഞ്ഞിന്റെ കാര്യത്തില്‍ മാത്രമല്ല, കൂലിക്കോ അല്ലാതെയോ മറ്റു കുഞ്ഞുങ്ങളെ മുലയൂട്ടുന്നവള്‍ക്കും ഈ വിധി ബാധകമാണ്. ഇനി അവര്‍ സ്വന്തം ശരീരത്തിനോ ശരീരത്തിനും കുട്ടിക്കും കൂടിയോ വിഷമം സംഭവിക്കുമെന്ന് ഭയപ്പെട്ടതിന് വേണ്ടിയാണ് നോമ്പ് ഉപേക്ഷിച്ചതെങ്കില്‍ ഖളാഅ് വീട്ടല്‍ മാത്രമേ നിര്‍ബന്ധമുള്ളൂ. മുദ്ദ് കൊടുക്കേണ്ടതില്ല.

 മുങ്ങിനശിക്കാന്‍ പോകുന്നവരെ രക്ഷപ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ക്കുവേണ്ടി നോമ്പ് മുറിക്കേണ്ടിവന്നവര്‍ക്കും ഫിദ്യ നല്‍കണം. നോമ്പ് നഷ്ടപ്പെടുത്താതെ രക്ഷാപ്രവര്‍ത്തനം സാധ്യമാകാത്തിടത്ത് നോമ്പ്മുറിച്ചു രക്ഷപ്പെടുത്തുക തന്നെ വേണം.
മതപരമായി മാന്യത (ഹുര്‍മത്) കല്‍പ്പിക്കാവുന്ന മനുഷ്യനെ രക്ഷപ്പെടുത്തുന്നത് പോലെയാണ് ഹുര്‍മത് വിധിക്കാവുന്ന ജീവികളെ രക്ഷപ്പെടുത്തുന്നതിനായി നോമ്പ് മുറിക്കേണ്ടിവരുന്നതും. ഇതനുസരിച്ച് ജീവിയെ രക്ഷപ്പെടുത്താന്‍ നോമ്പ് മുറിച്ചവന്‍ നോറ്റുവീട്ടുന്നതിനു പുറമെ ഫിദ്യ കൂടി നല്‍കല്‍ അനിവാര്യമാകുന്നു. 

 സമ്പത്തു സംരക്ഷണാര്‍ത്ഥം നോമ്പ് മുറിച്ചവന് പ്രസ്തുത ധനം തന്റേതല്ലെങ്കില്‍ ഫിദ്യ നല്‍കല്‍ നിര്‍ബന്ധമാകുന്നു. സ്വത്ത് തന്റേതാണെങ്കില്‍ ഫിദ്യ വേണ്ട. ഭാര്യാഭര്‍തൃ സംസര്‍ഗം കാരണമല്ലാതെ മറ്റേതെങ്കിലും വിധം നോമ്പ് മുറിച്ചവന് നഷ്ടമായ നോമ്പ് നോറ്റുവീട്ടിയാല്‍ മതി. ഫിദ്യ നിര്‍ബന്ധമില്ല. അതുപോലെതന്നെ മതപരിത്യാഗിക്കും ഫിദ്യ ബാധകമല്ല. ഇതില്‍ നിന്നു ഫിദ്യ ശിക്ഷാനടപടിയല്ലെന്നു മനസ്സിലാക്കാവുന്നതാണ്. അല്ലാഹുﷻവിനറിയുന്ന യുക്തിയും രഹസ്യവും ഉള്‍ക്കൊള്ളുന്ന ഒരു അനുഷ്ഠാനമാണിത്...

No comments

Powered by Blogger.