ഹുനൈനിലെ തിരുനബിയുടെ കവചം!!!
മക്കാവിജയം നടന്ന ഉടനെ മക്കയുടെ തെക്കൻ പ്രദേശമായ തായിഫിലെ ഹവാസിൻ( هوازن) ഗോത്രം, അവരുടെ കൂട്ട് ഗോത്രമായ സഖീഫ് ( ثقيف)എന്നിവർ ചേർന്ന് മുസ്ലിങ്ങൾക്കെതിരെ യുദ്ധത്തിന് ഒരുക്കങ്ങൾ ആരംഭിച്ചു. മുസ്‌ലിങ്ങളെ തുരത്തി മക്ക പിടിച്ചെടുക്കുക എന്നതായിരുന്നു യുദ്ധ നിപുണരായിരുന്ന ഹവാസിൻ ഗോത്രത്തിന്റെ ലക്ഷ്യം. മാലിക് ബിൻ ഔഫ് അന്നസ്‌രി ( مالك ابن عوف النصري)എന്ന ഹവാസിൻ നേതാവിന്റെ കീഴിലായിരുന്നു അവർ. ഇരുപതിനായിരം പേരടങ്ങുന്ന വലിയ ഒരു സൈന്യത്തെ ഈ ആവശ്യാർത്ഥം അവർ ഒരുക്കി. സൈന്യം പിന്തിഞ്ഞോടാതിരിക്കാനുള്ള തന്ത്രമെന്നോണം മുഴുവൻ പേരുടെയും സമ്പത്തും കുടുംബങ്ങളെയും അവർ കൂടെ കൂട്ടിയിരുന്നു.
ഹവാസിന്റെ സൈനിക ഒരുക്കം അറിഞ്ഞ തിരു നബി(സ്വ)മുസ്‌ലിം സൈന്യത്തെ ഒരുക്കനാരംഭിച്ചു. മക്കക്കു പുറത്തു കടന്ന് ഹുനൈൻ താഴ്‌വര പ്രദേശത്ത് വെച്ചു അവരെ തടയാനായിരുന്നു മുസ്‌ലിങ്ങളുടെ തീരുമാനം. മക്ക വിജയം നേടിയ ഉടനെയായതിനാലും പുതുതായി ഇസ്ലാം സ്വീകരിച്ചവരുടെ ആധിക്യവും കാരണം മുസ്‌ലിം അംഗബലം പതിവില്ലാത്ത വിധം കൂടുതലായിരുന്നു. പന്ത്രണ്ടായിരം പേരുണ്ടായിരുന്നു. എന്നാൽ നേരത്തെ അവിടെ എത്തിയ ഹവാസിൻ സൈന്യം തന്ത്രപരമായ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിരുന്നു. ഹവാസിൻ സൈന്യം മുസ്‌ലിങ്ങൾ ഹുനൈൻ താഴ്‌വരയിൽ പ്രവേശിച്ച ഉടനെ ആക്രമണം തുടങ്ങി. അസ്ത്രവിദ്യയിൽ വിദഗ്ദ്ധർ ആയിരുന്ന ഹവാസിൻ സൈന്യത്തിന്റെ ആക്രമണത്തിൽ മുസ്‌ലിം സൈന്യം പതറിപ്പോയി. ഹവാസിൻ കുതിരപ്പട കൂടി ആക്രമിച്ചതോടെ പുതു മുസ്‌ലിങ്ങൾ ആയവർ പിന്തിരിഞ്ഞോടി. എന്നാൽ ഹബീബായ നബി(സ)ക്കു കീഴിൽ സ്വഹാബികൾ നിന്ന് പൊരുതാൻ ആരംഭിച്ചതോടെ യുദ്ധ ഗതി മാറി മറിഞ്ഞു.
സ്വഹാബിയും മുത്ത് നബി (സ) യുടെ പിതൃവ്യനുമായ അബ്ബാസ് ഇബിൻ അബ്ദുൽ മുത്തലിബി(റ)ന്റെ വിളികേട്ട് ആദ്യ ഘട്ടത്തിൽ പിന്തിരിഞ്ഞ സൈനികർ കൂടി തിരിച്ചെത്തി ആക്രമണം ആരംഭിച്ചതോടെ ഹവാസിൻ സൈന്യം പിന്തിരിഞ്ഞോടി. അവർ കൂടെ കൊണ്ട് വന്ന സമ്പത്തും കുടുംബത്തെയും ഉപേക്ഷിച്ചായിരുന്നു അവർ പലായനം ചെയ്തത്. നേതാവായിരുന്ന മാലിക് ബിൻ ഔഫ് അന്നസ്‌രി അടക്കം രക്ഷപ്പെട്ടു. അവരെ മുസ്‌ലിങ്ങൾ ഔത്താസ് എന്ന സ്ഥലം വരെ പിന്തുടർന്ന് ആക്രമിച്ചു. വമ്പിച്ച യുദ്ധമുതൽ ഈ യുദ്ധത്തിൽ മുസ്ലിങ്ങൾക്ക് ലഭിച്ചു.
മുസ്ലീം സൈന്യത്തിനു ആദ്യ ഘട്ടത്തിൽ സംഭവിച്ച പതർച്ച കാരണം നബി (സ) ഒറ്റപ്പെട്ടു പോയി. ഈ രംഗം ശത്രു നിരയി ൽ നിന്ന് ശൈബത്ത് ബ്നു ഉസ്മാൻ കാണാനിടയായി. അദ്ദേഹത്തിന്റെ പിതാവ് ഉഹദ് യുദ്ധത്തിലാണ് കൊല്ലപ്പെ ട്ടത്.കൂടാതെ അയാളുടെ സഹോദരങ്ങ ളും പിതൃവ്യന്മാരുമെല്ലാം ഉഹദിൽ വെച്ച് കൊല്ലപ്പെട്ടിരുന്നു. അതിനാൽ തീരാ പകയുമായി നടക്കുന്ന അയാൾ പ്രതികാരം ചെയ്യാൻ അവസരം കാത്ത് നടക്കുകയായിരുന്നു.
സൈന്യത്തിൽ നിന്ന് ഒറ്റപ്പെട്ട് മുത്ത് നബി (സ) യെ കണ്ടപ്പോൾ അവൻ സന്തോഷിച്ചു. "ഈ അവസരം ഉപയോഗ പ്പെടുത്തി ഞാൻ മുഹമ്മദിനെ വധിക്കും" അദ്ദേഹം ആത്മഗതം ചെയ്തു. മുത്ത് റസൂൽ (സ്വ)യെ ആക്രമിക്കാനായി ആയുതമേന്തി അവൻ കുതിച്ചു. നബി (സ) യുടെ സമീപം എത്തിയപ്പോൾ എന്തോ ഒരു സാധനം പ്രത്യക്ഷപ്പെട്ടു മുത്ത് നബി(സ)ക്കും അവനുമിടയിൽ മറയിട്ടു.അതോടെ അവന്റെ മനോനില തന്നെ തകരാറിലായി. പരാജയം സമ്മതിച്ച് അവന് പിൻവാങ്ങേണ്ടി വന്നു.
Post a Comment