ഇങ്ങനെയും ഒരു ബില്ലുണ്ടായിരുന്നു? !!!
തീർത്തും നിരപരാധികളായിരുന്നു ആറ്റൽ റസൂലും അനുയായികളും. അനീതിയുടെ അതിസൂക്ഷ്മ കണിക പോലും അവരിൽ നിന്നുണ്ടായിട്ടില്ല. മനുഷ്യകുലത്തിനു ഇരു ലോകനന്മക്കാവശ്യമായവയല്ലാത്തവ അവിടുന്ന് പറയുകയോ പ്രവർത്തിക്കുക യോ ചെയ്തിട്ടില്ല.
എന്നിട്ടും മുത്തു നബിയും അനുയായികളും അക്രമിക്കപ്പെട്ടു. അതിക്രൂര പീഢനങ്ങളുടെ നിരവധി മുഖങ്ങൾ പരിശുദ്ധ ദീനിന്റെ വക്താക്കൾ മാറി മാറി ദർശിച്ചു. മുസ്ലിംകൾക്കെതിരെ അക്രമവും അനീതി യും മാത്രം പ്രമേയമാക്കിയ ഒരു ബില്ല് ഖുറൈശികൾ പാസ്സാക്കി. ബില്ലിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു ,
"മുസ്ലിംകളുമായി കച്ചവടത്തിലേർപ്പെടരുത്, വിവാഹ ബന്ധം അരുത്, അവരുമായി സംസാരിക്കരുത്, മറ്റു യാതൊരു ബന്ധവും പാടില്ല. അല്ലാത്ത പക്ഷം ബനൂ ഹാശിം മുഹമ്മദിനെ വധിക്കാനായി ഞങ്ങളെ ഏൽപ്പിക്കട്ടെ "
എല്ലാവരും അറിയുന്നതിനും വായിക്കുന്നതിനുമായി അത് കഅബയിൽ പരസ്യമായി തൂക്കി. തിരു നബി(സ)ക്കും അനുയായികൾക്കുമെതിരെ ആക്രമണങ്ങൾ പരകോടിയിലെത്തിയ ഘട്ടമായിരുന്നു.പക്ഷെ യാതൊരു പ്രലോഭനങ്ങൾക്കും, പ്രകോപനങ്ങൾക്കും വശംവദനാവാതെ അബൂത്വാലിബ് ആറ്റലോർക്ക് സംരക്ഷണം തീർത്ത് കൂടെയുണ്ട്.
തീഷ്ണമായ ഉപരോധം മുത്ത് റസൂലിനെയും, വിശ്വാസികളെയും നന്നേ പ്രയാസത്തിലാക്കി. കേവലം പച്ചില മാത്രം ഭക്ഷിച്ച് രണ്ടോ മൂന്നോ വർഷം ഒരു മലഞ്ചെരുവിൽ കഴിച്ചു കൂട്ടേണ്ടി വന്നു.!
ഓ വിശ്വാസികളെ നാമിന്ന് സുഖലോലുപരാണ് ,നിരവധി ഭക്ഷണങ്ങളുടെ രുചി ഭേദങ്ങൾ മാറി മാറി അനുഭവിച്ച് ആഢ്യത്വം നടിക്കുന്നു, ലോക നേതാവി ന്റെ പേരിൽ അഭിമാനം കൊള്ളുന്നു. .! എങ്കിൽ അറിയണം ആ ലോക നേതാവ് ഈ സത്യ ദീൻ നമ്മുടെ കയ്യിലെത്തിക്കാൻ വർഷങ്ങളോളം പട്ടിണി കിടന്നിട്ടുണ്ട്..!
അസ്സലാത്തു വസ്സലാമു അലൈക യാ റസൂലല്ലാഹ്....
ഒരിക്കൽ നബി(സ) പിതൃവ്യൻ അബൂത്വാലിബിനോട് പറഞ്ഞു "അല്ലാഹു ഭൂമിക്ക് പ്രത്യേക കൽപ്പന നൽകിയിരിക്കുന്നു. മതം നോക്കി പൗരൻമാരെ വിവേചനത്തിനരയാക്കുന്ന അവരുടെ ബില്ലിൽ നിന്ന് അനീതിയും, അക്രമവും ,ബന്ധ വിഛേദനവും, ഉപരോധവും നിറഞ്ഞ ഭാഗങ്ങൾ എല്ലാം മാഞ്ഞു പോയിരിക്കുന്നു. അവരെഴുതിയ അല്ലാഹുവിന്റെ നാമം മാത്രമെ അതിൽ അവശേഷിക്കുന്നൊള്ളൂ"
അബൂത്വാലിബ്: അല്ലാഹുവിൽ നിന്ന് അപ്രകാരം അറീവ് ലഭിച്ചോ?
നബി(സ): അതെ
അബൂത്വാലിബ്: എങ്കിൽ ഒരാൾക്കും അങ്ങയെ ഒന്നും ചെയ്യാൻ കഴിയില്ല.
അബൂത്വാലിബ് നേരെ ഖുറൈശികളുടെ സമീപം ചെന്ന് വിളംബരം ചെയ്തു. "എന്റെ സഹോദര പുത്രൻ മുഹമ്മദിന്റെ ഒരറിയിപ്പുണ്ട്, നിങ്ങൾ പാസ്സാക്കി കഅബയിൽ തൂക്കിയ ബില്ലിൽ നിന്ന് അല്ലാഹു വിന്റെ നാമമല്ലാത്ത മറ്റെല്ലാം മാഞ്ഞുപോയിയിരിക്കുന്നു. ഇത് അല്ലാഹു വിൽ നിന്നുള്ള അറിയിപ്പാണ് എന്നാണ് മുഹമ്മദ് പറഞ്ഞത്. അത് കൊണ്ട് നിങ്ങൾ എഴുതി തൂക്കിയ പത്രിക കൊണ്ടു വരൂ. എന്റെ സഹോദപുത്രൻ പറഞ്ഞ പോലെയാണ് കാര്യമെങ്കിൽ അദ്ദേഹത്തിനെതിരെയുള്ള എല്ലാ ഉപരോധവും പിൻ വലിച്ചു വെറുതെ വിടണം. വസ്തുത അദ്ധ്യേഹം പറഞ്ഞതിനു എതിരാണങ്കിൽ അവനെ ഞാൻ നിങ്ങൾക്കു ഏൽപ്പിച്ചു തരാം."
ഖുറൈശികൾ സമ്മതിച്ചു. അവർ എഴുതി തൂക്കിയ തീരുമാനങ്ങൾ കൊണ്ടുവന്നു. പക്ഷെ മഹാൽഭുതം...!
അല്ലാഹുവിന്റെ നാമങ്ങളല്ലാതെ മറ്റൊന്നുമില്ല.!
പക്ഷെ വഞ്ചകരും, അഹങ്കാരികളുമായ അവർ തൊട്ടുമുമ്പ് ചെയ്ത കരാർ അപ്പാടെ വിഴുങ്ങി.
മുത്ത് നബിയോട് അവർ കൂടുതൽ ശത്രുത കാണിച്ചു.പക്ഷെ ചിലരൊക്കെ മാറി ചിന്തിച്ചു.
Post a Comment