ഇത്ര അമൂല്യ ഔഷധം വേറെയില്ലാട്ടോ !!!

‘ശഅ്ബാൻ എന്റെ മാസമാണെന്ന്' മുത്ത് നബി ﷺ അരുളിയതായി നമുക്ക് കാണാം. *അതിനുള്ള പ്രധാന കാരണമായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്  മുത്ത്നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലാൻ കൽപ്പിക്കപ്പെട്ട വിശുദ്ധ ഖുർആൻ സൂക്തം അവതരിപ്പിക്കപ്പെട്ടത് ശഅ്ബാൻ മാസത്തിലാണെന്നത് കൊണ്ടാണ്.*

 വിശ്വാസവും അവിശ്വാസവും നിർണയിക്കുന്ന രാജപാതയാണ് സ്വാലാത്ത് എന്ന് ഖുർആനിക വചനത്തിന്റെ അടിസ്ഥാനത്തിൽ നമുക്ക് വിശേഷിപ്പിക്കാനാവും. *മുത്ത് നബിﷺയെ സ്‌നേഹിക്കാതെ ആർക്കും വിശ്വാസിയാകാൻ കഴിയില്ല.* തിരുനബിﷺയെ സ്നേഹിക്കേണ്ടത് അവിടത്തെ പരിരംഭണം ചെയ്തുകൊണ്ടായിരിക്കണം. *അവിടത്തെ പിന്തുടരാനുള്ള ആദ്യ വഴി സ്വലാത്താണ്. അതുകൊണ്ടാണ് സ്വാലാത്തിനെ കുറിച്ച് ഇത്രയും പ്രാധാന്യപൂർവം വിശുദ്ധ ഖുർആനും മുത്തുനബിﷺയും പഠിപ്പിച്ചത്.*

 മുത്ത് നബിﷺയെ പറയാതെ ഓർക്കാതെ സത്യവിശ്വാസിയുടെ ഓരോ നിമിഷവും എങ്ങനെയാണ് സാർഥമാവുക..? *നിതാന്തമായി നിലനിൽക്കുകയും നിമിഷങ്ങളിൽ പുതുക്കപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്വലാത് അണമുറിയാതെ സർവലോകങ്ങളിൽ നിന്നും സർവ സൃഷ്ടികളിൽ നിന്നും മദീനയിലേക്ക് ഒഴുകിയെത്തുന്നു. അതിൽ അല്ലാഹുﷻവിന്റെ സ്വലാത്തുണ്ട്, മലക്കുകളുടേതുണ്ട്, സത്യവിശ്വാസിയുടേതുണ്ട്. പ്രപഞ്ചത്തിന്റെ മുഴുവനായുണ്ട്...*

 മുഹമ്മദ് മുസ്തഫ ﷺ തങ്ങളെ സ്‌നേഹിക്കുന്നവർക്ക് വിശുദ്ധിയുടെ സ്‌നേഹപ്രപഞ്ചത്തിലേക്ക് പ്രവേശിക്കാനുള്ള വഴിയടയാളമാണ് സ്വലാത്ത്. സ്‌നേഹിക്കുന്നവരുടെ ഹൃദയത്തിൽ നിന്ന് സ്‌നേഹഭാജനത്തിന്റെ ആത്മാവിലേക്ക് നീളുന്ന പ്രകാശ രേഖയാണത്. *സ്വലാത്തുകൾ തിരുഹബീബിലേക്ക് (ﷺ) എത്തുമ്പോൾ ഹബീബും ഹബീബിനെ സ്‌നേഹിക്കുന്നവരും തമ്മിലുള്ള ആത്മബന്ധം ഊട്ടിയുറപ്പിക്കപ്പെടുന്നു. ഈ ആത്മബന്ധമാണ് സ്വലാത്ത് ചൊല്ലുന്നവന്റെ ഹൃദയത്തെയും മനസ്സിനെയും ചിന്തയെയും സംസ്‌കരിക്കപ്പെടുമെന്നു ആത്മീയ ജ്ഞാനികൾ പറയാൻ കാരണം.*

 തിരുനബിﷺയുടെ പേരിൽ സ്വലാത്ത് ചൊല്ലാത്തവർ, അവിടത്തെ പേര് കേട്ടിട്ടും സ്വലാത്ത്  പറയാത്തവർ അവരെ 'പിശുക്കന്മാർ' എന്നാണ് തിരുനബി ﷺ വിശേഷിപ്പിക്കുന്നത്. 

 ആഇശാ ബീവിയെയും അബൂബക്കർ സിദ്ധീഖ് (റ) വിനെയും തൊട്ട് നിവേദനം. ആഇശാ ബീവി പറയുന്നു 'ഞാനൊരു ദിവസം രാത്രി നബിﷺതങ്ങളുടെ വസ്ത്രം തുന്നിക്കൊണ്ടിരിക്കുമ്പോൾ വിളക്ക് കെടുകയും എന്റെ കൈയിൽ നിന്നും സൂചി താഴെ വീഴുകയും ചെയ്തു. അപ്പോഴാണ് നബി തിരുമേനി ﷺ വീട്ടിലേക്ക് പ്രവേശിക്കുന്നത്. *തിരുമേനിയുടെ മുഖത്തുനിന്നുള്ള പ്രകാശത്താൽ വീട് മുഴുവൻ പറഞ്ഞറിയിക്കാനാവാത്ത വെളിച്ചം പരന്നു. ആ വെളിച്ചത്തിൽ ഞാൻ സൂചി കണ്ടെത്തുകയും ചെയ്തു.* അപ്പോൾ ഞാൻ ചോദിച്ചു 'നബിയെ, അങ്ങയുടെ മുഖത്തിന് എന്തൊരു പ്രകാശമാണ്..!' അപ്പോൾ തിരുമേനി ﷺ പറഞ്ഞു 'നാശം മുഴുവൻ ഖിയാമത്ത് നാളിൽ എന്നെ കാണാത്തവനാണ്' ഞാൻ ചോദിച്ചു 'ആരാണ് അങ്ങയെ കാണാത്തവൻ?' തിരുമേനി ﷺ പറഞ്ഞു 'പിശുക്കൻ, പിശുക്കർക്ക് അന്ത്യനാളിൽ എന്നെ കാണാൻ കഴിയില്ല' വീണ്ടും ഞാൻ ചോദിച്ചു 'നബിയെ, ആരാണ് പിശുക്കൻ..?' *മുത്തുനബി ﷺ പറഞ്ഞു 'എന്നെ പറയപ്പെട്ടാൽ, എന്റെ പേര് കേട്ടാൽ സ്വലാത്ത് ചൊല്ലാത്തവൻ, അവനാണ് പിശുക്കൻ'*

 ഈ ഒരൊറ്റ വചനം മാത്രംമതി സ്വലാത്തിന്റെ മാഹാത്മ്യം മനസ്സിലാക്കാൻ...

 തിരുമേനിﷺയെ കാണാൻ, ഏതൊരു വിശ്വാസിയുടെയും ലക്ഷ്യമായ അന്ത്യനാളിൽ രക്ഷപ്പെടാൻ, ദുനിയാവിലെ വിഷമതകളിൽ നിന്നും ആകുലതകളിൽ നിന്നും ആഖിറത്തിലെ പ്രയാസങ്ങളിൽ നിന്നുമൊക്കെ രക്ഷപ്പെടാൻ സ്വലാത്താണ് ഏറ്റവും വലിയ സിദ്ധൗഷധം. ഈ വചനം കൃത്യമായി അത് നമ്മെ പഠിപ്പിക്കുന്നുണ്ട്... 

 ഉബയ്യബ്നു കഅബ്(റ) നിവേദനം: അദ്ദേഹം പറയുന്നു; ഞാൻ ഒരിക്കൽ നബി തിരുമേനിﷺയോട് ചോദിച്ചു, അല്ലാഹുവിന്റെ 'റസൂലേ,  ഞാൻ അവിടുത്തെ മേൽ ധാരാളം സ്വലാത്തുകൾ ചൊല്ലാറുണ്ട്. എന്നാൽ എന്റെ പ്രാർത്ഥനയുടെ എത്ര ഭാഗമാണ് അവിടുത്തേക്ക് സ്വലാത്ത് ചൊല്ലാൻ വേണ്ടി ഞാൻ നീക്കിവെക്കേണ്ടത്..?' തിരുനബി ﷺ പറഞ്ഞു. 'നിന്റെ ഇഷ്ടം പോലെ ചെയ്യുക' ഞാൻ പറഞ്ഞു 'നാലിൽ ഒരു ഭാഗമായാലോ..?' റസൂൽ ﷺ പറഞ്ഞു. 'നിന്റെ ഇഷ്ടം പോലെ ചെയ്യുക, വർധിപ്പിച്ചാൽ നിനക്ക് ഗുണകരമാവുന്നതാണ്'. ഞാൻ പറഞ്ഞു 'എങ്കിൽ പകുതിയാക്കാം' റസൂൽ ﷺ പറഞ്ഞു 'നിന്റെ ഇഷ്ടം പോലെ ചെയ്യുക. വർധിപ്പിച്ചാൽ നിനക്ക് ഗുണമാണ്'. ഞാൻ പറഞ്ഞു 'എങ്കിൽ മൂന്നിൽ രണ്ടു ഭാഗമാക്കാം'. റസൂൽ ﷺ പറഞ്ഞു 'നിന്റെ ഇഷ്ടം പോലെ ചെയ്യുക. ഇനിയും വർധിപ്പിച്ചാൽ നിനക്ക് ഗുണകരമാണ്'. ഞാൻ പറഞ്ഞു; 'എങ്കിൽ എന്റെ ദുആ മുഴുവനും അങ്ങേക്ക് വേണ്ടി സമർപ്പിക്കാം'. അപ്പോൾ റസൂൽ ﷺ പറഞ്ഞു. എന്നാൽ നിന്റെ ദുനിയാവിലെ വിഷമങ്ങൾ പരിഹരിക്കപ്പെടും. പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യും...
  (ഹദീസ്)
 സ്വലാത്ത് പതിവാക്കിയവന് ദുനിയാവും ആഖിറവും ഒരുപോലെ ലഭിക്കുമെന്നർത്ഥം.

*ലോകം മുഴുവൻ ഭീതിയുടെ നിഴലിൽ ഓരോ റൂമിലേക്കും വീടുകളിലേക്കുമായി ചുരുക്കപ്പെടുമ്പോൾ, പകർച്ചവ്യാധികൾ മഹാമാരിയായി മനുഷ്യകുലത്തെ സംഹാര താണ്ഡവമാടുമ്പോൾ നമുക്ക് കൈനീട്ടാനുള്ളത് രക്ഷിതാവിലേക്ക് മാത്രമാണ്. മുത്ത് നബിﷺയോടുള്ള മഹബ്ബത്ത് ഉള്ളിൽ നിറച്ചു നിർബന്ധ ആരാധനകൾ കൃത്യമായി നിർവഹിച്ചു സ്വലാത്തുകൾ കൂടുതൽ പതിവാക്കിയും വർധിപ്പിച്ചും നമ്മുടെ സമയങ്ങളെ ജോലിയാക്കാം. അതിനാൽ സ്വലാത്തിനാൽ നമ്മുടെ ചുണ്ടുകൾ ജോലിയാവട്ടെ. അതിന്റെ വീചികളാൽ നമ്മുടെ ഹൃദയം സംസ്‌കരിക്കപ്പെടട്ടെ. ഹൃദയ ഭിത്തികൾ പൊട്ടുമാർ സ്‌നേഹം നിറഞ്ഞു തുളുമ്പുമ്പോൾ ചുണ്ടിൽ വിരിയുന്ന സ്വലാത്ത് തിരുസന്നിധിയിലേക്കുള്ള ഊടുവഴിയാണ്. നമുക്കും ആ വഴിയിലൂടെ തിരുനബിയാരിലെത്തണം. മദീനയിലെത്തണം, സർവ വിഷമങ്ങളിലും പ്രതിസന്ധികളിലും ഈമാൻ കാത്തുസൂക്ഷിക്കാനുള്ള വിലകൂടിയ ഈ ഔഷധം നമുക്ക് മറക്കാതിരിക്കാം.*

No comments

Powered by Blogger.