ഈ തേങ്ങൽ ആരെങ്കിലും കേൾക്കുന്നുണ്ടോ???

മസ്ജിദുകളെല്ലാം അടച്ചിട്ട് ജമാഅത്തുകൾക്കൊന്നും കൂടാൻ പറ്റാതെ വീടുകളിലൊതുങ്ങിയത്...
ഹയ്യഅലസ്വലാഹ്‌... എന്ന് വിളിക്കുമ്പോൾ പള്ളിയിലേക്കൊരുങ്ങിയിറങ്ങാനാവാതെ സങ്കടപ്പെടുന്നത്...

 ഇത്രയും ദിവസങ്ങൾ സഹിച്ചതിനപ്പുറമുള്ള നൊമ്പരങ്ങളാണ് ഈ വെള്ളിയാഴ്ച നാമനുഭവിക്കുന്നത്.
കൂടിച്ചേരലും കൂട്ടുപ്രാർത്ഥനയും കണ്ടുമുട്ടലുമില്ലാത്ത ഒരു വെള്ളി. 
ജുമുഅ:ക്ക് പകരം ഏവരും ളുഹ്ർ നിസ്കരിക്കുന്ന വെള്ളി.
മുസ്ലിമിന് അത്രയേറെ പ്രാധാന്യമുള്ള ദിനമാണിതെന്ന് ഈ വെള്ളിയിലെ നിമിഷങ്ങൾ ബോധ്യപ്പെടുത്തും.
ഒരു വെള്ളിയാഴ്ചയിലെ അനുഭൂതികൾ എന്തെല്ലാമാണ്. 

 നബി ﷺ പറയുന്നു:
ദിവസങ്ങളുടെ നേതാവാണ് വെള്ളിയാഴ്ച. അല്ലാഹുﷻവിന്റെയടുക്കൽ ആദരണീയവും.
ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ ദിവസത്തേക്കാളും റബ്ബ് ആദരിച്ച ദിനമാണിത്. അഞ്ച് സംഗതികൾ ഈ ദിനത്തിലുണ്ട്:

1:ആദം നബിയെ സൃഷ്ടിച്ചു.
2:ആദം നബിയെ ഭൂമിയിൽ അവതരിപ്പിച്ചു.
3:ആദം നബി വഫാത്തായി.
4:ചോദിച്ചാൽ അല്ലാഹു എന്തും (നിഷിദ്ധമല്ലാത്ത) ഉറപ്പായും നൽകുന്ന ഒരു വിശിഷ്ട സമയം ഈ ദിവസത്തിലുണ്ട്.
5:അന്ത്യദിനം സംഭവിക്കുന്നതും വെള്ളിയിലാണ്.

   മനുഷ്യകുലത്തിന്റെ പ്രാരംഭ കാരണം ആദം നബി (അ) സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലെത്തിയതും ഇനി സ്വർഗ്ഗീയാനുഭൂതികളുടെ അനശ്വരതക്ക് ലോകാന്ത്യമുണ്ടാകണമെന്നതുമാണ് മേൽ കാരണങ്ങളുടെ പ്രാധാന്യം.
സൂറത്തുൽ ജുമുഅ (9) യിലുള്ളതും ഈ ദിനത്തിന്റെ മഹത്വമാണ്. 

 സത്യവിശ്വാസികളെ, വെള്ളിയാഴ്ച ബാങ്കൊലി മുഴങ്ങിയാൽ അല്ലാഹുﷻവിന്റെ സ്മരണയിലേക്ക് നിങ്ങൾ ധൃതിപ്പെട്ട് പോവുകയും, കച്ചവടാദികാര്യങ്ങളെ ഒഴിവാക്കുകയും ചെയ്യുക. 

 കച്ചവടം ഒരു പ്രതീകം മാത്രമാണ്.
പള്ളികളിൽ എത്തുന്നതിന് വിശ്വാസികളെ കാണുന്നതിന്, സ്വഫുകളിൽ അണിചേരുന്നതിന്, എല്ലാം കൂലിയുണ്ട്.
ഈ ദിനം നാഥന്റെ കരുണയാണ്.
പാപങ്ങൾ പൊറുക്കാൻ, തെറ്റുകളേറ്റുപറയാൻ, ഈമാൻ സ്ഫുടം ചെയ്യാൻ, റബ്ബ് കനിയുന്ന ദിനം...

 മുഅദ്ദിൻ വിളിച്ചു പറയുന്നു: ജുമുഅ: പാവങ്ങളുടെയും ദരിദ്രരുടെയും ഹജജാകുന്നു. വിശ്വാസികളുടെ പെരുന്നാളും. (അന്ന് നോമ്പൊഴിവാക്കാനാണ് ഹദീസിലുള്ളത്)
ആ മിമ്പറിൽ നിന്നാണ് തഖ്'വയുടെ  ഉപദേശങ്ങൾ മുഴങ്ങിയത്. 
എത്ര പള്ളികളിൽ, ഏതെല്ലാം കലാ കൗതുക രൂപങ്ങളിൽ, അറിവിന്റെ അമൃതൊഴുകിയ മഹാപണ്ഡിതരുടെ പാദസ്പർശനം കൊണ്ട് കോരിത്തരിച്ച മിമ്പറുകൾ.

 നബിﷺയുടെ മിമ്പർ, സ്വലാഹുദ്ധീൻ അയ്യൂബിയുണ്ടാക്കിയ അൽ അഖ്സ്വയിലെ മിമ്പർ ഖുത്വുബയുടെ താളലയം (വിശിഷ്യാ) കേരളീയരെ അനുഭവിപ്പിച്ച ഇബ്നുന്നു ബാതതിൽ മിസ്റിയുടെ മിമ്പർ,
എല്ലാം നമ്മുടെ സംസ്കാരങ്ങളും ഇബാദത്തുകളുടെ പ്രതീകവുമാണ്.

 സ്വർഗ്ഗത്തിലൊരു വെള്ളിയാഴ്ചയുണ്ടെന്ന് തിരുവചനങ്ങളിലുണ്ട്.
ആധിക്യദിനം എന്നാണതറിയപ്പെടുന്നത്.

 സുദീർഘമായ ഹദീസിന്റെ ഒരു ഭാഗം: ജിബ്രീൽ(അ) നബിﷺയോട് പറയുന്നു:

 താങ്കളുടെ രക്ഷിതാവ് കസ്തൂരിയുടെ സുഗന്ധം നിറഞ്ഞ ഒരു മലഞ്ചരുവ് സ്വർഗ്ഗത്തിലുണ്ടാക്കിട്ടുണ്ട്. വെള്ളിയാഴ്ച ഇല്ലിയ്യീനിൽ നിന്ന് തന്റെ കുർസിയ്യിൽ അവിടെ വെളിവാകും.
പിന്നീട് നബിമാർ വരും.
അവിടെ വെളിച്ചത്താൽ വലയിതമാകും. സത്യവാന്മാരും രക്തസാക്ഷികളും വരും. അങ്ങനെ സ്വർഗ്ഗക്കാർ മുഴുവനും അവിടെയെത്തും. അല്ലാഹുﷻവിന്റെ ദിവ്യദർശനത്തിൽ അവർ മുഴുകും.
നാഥൻ അവരോട് എന്തും ചോദിക്കാൻ പറയും.
 "നിന്റെ തൃപ്തി മാത്രം മതി" എന്നവർ പറയും അല്ലാഹു ﷻ അവർക്ക് ഇനിയും ഇനിയും ആദരങ്ങളുടെ പറുദീസകൾ നൽകുമ്പോൾ അവർ ആഗ്രഹിക്കുക അടുത്ത വെള്ളിയാഴ്ച ആവാനാണ്.
വെള്ളിയാഴ്ച സ്വർഗ്ഗവാസികൾക്ക് നൽകപ്പെടുന്ന സൗന്ദര്യത്തെ വർണ്ണിക്കുന്ന മറ്റൊരു ഹദീസുമുണ്ട്.

 ഒരു ജുമുഅ കഴിഞ്ഞ ജുമുഅക്കിടയിലെ പാപം പൊറുപ്പിക്കുന്നതാണ്. (ഹദീസിന്റെ ഭാഗം) അതിനാൽ നമുക്ക് ജുമുഅ:യിൽ കൂടൽ അസാധ്യമെങ്കിലും
*സ്വലാത്തുകൾ വർദ്ധിപ്പിക്കണം, സൂറത്തുൽ കഹ്ഫ് പാരായണം ചെയ്യണം, സുന്നത്തായ കുളി, നഖം മുടിനീക്കൽ* തുടങ്ങിയ സുന്നത്തുകൾ ചെയ്യണം...

 നാം തിരിച്ചെത്തും ആ സുഗന്ധത്തോപ്പിലേക്ക്,
വിശ്വാസിക്കൂട്ടത്തിലേക്ക്... ഇൻശാ അല്ലാഹ്...☝🏼

 എന്നാലും അല്ലാഹുമ്മ ഗ്ഫിർലിൽ മുഅമിനീന വൽ മുഅമിനാത്ത്...
എന്ന് ദുആ ചെയ്യാനും ആമീൻ പറയാനും ഇനി എത്ര രാവുകൾ നാം കാത്തിരിക്കണം...

🤲🏼 നാഥാ....
ഞങ്ങളെ പരീക്ഷിക്കല്ലേ റബ്ബേ...
ഞങ്ങൾക്ക് മോചനം നൽകണേ... ആമീൻ യാ റബ്ബൽ ആലമീൻ☝🏼

No comments

Powered by Blogger.