നോമ്പു ഖളാഅ് വീട്ടൽ : ഭാഗം 1
പ്രതിബന്ധങ്ങള്‍ കാരണമായി നോമ്പ് ഉപേക്ഷിച്ചവര്‍ പ്രതിബന്ധം നീങ്ങിയതിനു ശേഷം നോമ്പ് ഖളാഅ് വീട്ടേണ്ടതാണ്. രോഗമോ യാത്രയോ കാരണം നഷ്ടപ്പെട്ട നോമ്പ് മറ്റൊരു ദിവസം നോറ്റുവീട്ടണമെന്നു ഖുര്‍ആന്‍ തന്നെ പറയുന്നുണ്ട്.
രണ്ടുവിധത്തില്‍ ഖളാആകാം.
*(1)* പ്രത്യേകമായ കാരണങ്ങളാല്‍. ഉദാഹരണം ആര്‍ത്തവം, നിയ്യത്ത് മറന്നുപോവുക, രോഗം, യാത്ര തുടങ്ങിയവ.
*(2)* യാതൊരു കാരണവുമില്ലാതെ. രണ്ടുവിധത്തിലും നഷ്ടമായ നോമ്പ് നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്.
നഷ്ടപ്പെട്ട നോമ്പ് ഖളാഅ് വീട്ടുന്നതിന് പെരുന്നാള്‍ ദിനങ്ങള്‍, ദുല്‍ഹജ്ജ് 11, 12, 13 എന്നിവയല്ലാത്ത ഏതു ദിവസവും തിരഞ്ഞെടുക്കാം...
(ശറഹുല്‍മുഹദ്ദബ് 6/367)
ഒന്നിലധികം നോമ്പുണ്ടെങ്കില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ അനുഷ്ഠിക്കല്‍ സുന്നത്താണ്. ഇതിനു തെളിവായി ഒരു ഹദീസ്: 'റമളാന്‍ വ്രതം നഷ്ടമായവര്‍ അത് തുടര്‍ച്ചയായ ദിവസങ്ങളില്‍ വീണ്ടെടുക്കട്ടെ. അത് ഇടവിട്ട ദിവസങ്ങളില്‍ അനുഷ്ഠിക്കാതിരിക്കട്ട'
(ത്വബ്റാനി, ബൈഹഖി)
ഖളാഅ് സംബന്ധമായി ഖുര്‍ആനില്‍ പറഞ്ഞത് മറ്റു മാസങ്ങളില്‍ നിന്ന് ഏതെങ്കിലും ദിവസങ്ങളില്‍ വീണ്ടെടുക്കുക എന്നാണല്ലോ. ഈ റമളാനില്‍ നഷ്ടമായ നോമ്പുകള്‍ തൊട്ടടുത്ത റമളാന് മുമ്പ് വീണ്ടെടുത്താല്‍ മതിയെങ്കിലും താമസിയാതെ നോറ്റുവീട്ടല്‍ സുന്നത്താണ്. *അടുത്ത റമളാന് മുമ്പ് വീണ്ടെടുക്കാതിരിക്കല്‍ കുറ്റകരവുമാണ്. എന്നാല്‍ കാരണമില്ലാതെ നോമ്പ് മുറിച്ചവര്‍ പെട്ടെന്നുതന്നെ ഖളാഅ് വീട്ടല്‍ അനിവാര്യമാണ്. അതുപോലെ സംശയ ദിവസം നോമ്പു മുറിച്ചവരും എത്രയും വേഗം ആ നോമ്പ് വീണ്ടെടുക്കല്‍ ബാധ്യതയാണ്.*
ആര്‍ത്തവം, പ്രസവം എന്നിവ കാരണം നോമ്പ് നഷ്ടമായ സ്ത്രീകള്‍ അത് വീണ്ടെടുക്കല്‍ നിര്‍ബന്ധമാണ്. ആഇശാബീവി(റ) പറയുന്നു: “ആര്‍ത്തവ കാലത്ത് നഷ്ടപ്പെടുന്ന നോമ്പുകള്‍ ഖളാഅ് വീട്ടണമെന്നു ഞങ്ങള്‍ക്കാജ്ഞ ലഭിച്ചിട്ടുണ്ട്. എന്നാല്‍ അക്കാലത്തെ നിസ്കാരം വീണ്ടെടുക്കാന്‍ കല്‍പ്പനയില്ല.” (മുസ്ലിം). ആര്‍ത്തവ പ്രസവ കാലത്ത് സ്ത്രീക്ക് മതപരമായ ചടങ്ങുകള്‍ പാലിക്കാന്‍ ശുദ്ധിയില്ലാത്തതാണ് നോമ്പിനു വിലക്കു വരാന്‍ കാരണം.
നോമ്പുപേക്ഷിച്ചതിനു ന്യായമായ കാരണമുള്ളവര്‍ നഷ്ടപ്പെട്ട നോമ്പ് സാവകാശം വീട്ടിയാല്‍ മതിയാകുന്നതാണ്.
ഭ്രാന്ത് കാരണം നഷ്ടമായ നോമ്പുകള്‍ വീണ്ടെടുക്കല്‍ നിര്‍ബന്ധമില്ല. കാരണം ആ കാലത്ത് അവര്‍ക്ക് ദീനീ കല്‍പ്പന ബാധകമല്ലല്ലോ. എന്നാല്‍ ബോധക്ഷയം കാരണം നോമ്പ് നഷ്ടപ്പെട്ടവര്‍ അത് വീണ്ടെടുക്കണം. കാരണം ബോധക്ഷയം ഒരു രോഗമാണ്. ഭ്രാന്താകട്ടെ രോഗമെന്നതിനപ്പുറം ഒരു ന്യൂനതയുമാണ്. എന്നാല്‍ അതിരുവിട്ട പ്രവര്‍ത്തനം കാരണമായി ഭ്രാന്ത് ഉണ്ടാക്കിത്തീര്‍ത്തതാണെങ്കില്‍ അക്കാലത്തെ നോമ്പ് ഖളാഅ് വീട്ടണമെന്ന് തന്നെയാണ് വിധി.
മതവിധികളില്‍ നടത്തുന്ന അതിര്‍ലംഘനങ്ങള്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുത്തുന്നതാണ്. മതപരിത്യാഗിക്ക് പരിത്യാഗ കാലത്തെ വ്രതം നോറ്റുവീട്ടല്‍ നിര്‍ബന്ധമാണ്.
അമുസ്ലിം ഇസ്ലാമില്‍ ചേര്‍ന്നാല്‍ പൂര്‍വ്വകാലത്തെ വ്രതങ്ങള്‍ നോറ്റുവീട്ടല്‍ നിര്‍ബന്ധമില്ല. അമുസ്ലിമായ കാലത്ത് നോമ്പ് അനുഷ്ഠിച്ചാല്‍ അത് പരിഗണിക്കപ്പെടുന്നതുമല്ല. പുതുതായി ഇസ്ലാമില്‍ ചേരുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ കാലത്തെ കര്‍മ്മങ്ങള്‍ വീണ്ടെടുക്കണമെന്ന് പറയുന്നത് യുക്തിയല്ല. അതേ സമയം മതപരിത്യാഗി വീണ്ടും ഇസ്ലാമിലേക്ക് വന്നാല്‍ രിദ്ദതിന്റെ കാലത്ത് നഷ്ടമായവ വീണ്ടെടുക്കല്‍ അനിവാര്യം തന്നെയാണ്.
ലഹരിബാധിതര്‍ നഷ്ടമായ നോമ്പ് ഖളാഅ് വീട്ടണം. *രോഗം മൂലമോ വല്ല മരുന്നും കഴിച്ചതിനാലോ ആണ് അതുണ്ടായതെങ്കിലും ഖളാഅ് അനിവാര്യം തന്നെയാണ്. പക്ഷേ, ഈ ഘട്ടത്തില്‍ നോമ്പു നഷ്ടപ്പെട്ടതില്‍ അവര്‍ കുറ്റക്കാരാകുന്നതല്ല. എന്നാല്‍ മദ്യം, മയക്കുമരുന്ന് തുടങ്ങി നിഷിദ്ധമായവ ഉപയോഗിച്ചു ലഹരി ബാധിച്ചവര്‍ നഷ്ടപ്പെട്ട നോമ്പുകള്‍ വീണ്ടെടുക്കുന്നതിനു പുറമെ പരലോകത്ത് ശിക്ഷയും അര്‍ഹിക്കുന്നു.*
*രാത്രി നിയ്യത്ത് ചെയ്യാന്‍ മറന്നവന് പിറ്റേദിവസത്തെ വ്രതം ലഭിക്കുന്നതല്ല. അന്നേ ദിവസം നോമ്പുകാരനെപ്പോലെ കഴിയണം. ആ നോമ്പ് പിന്നീട് നോറ്റുവീട്ടല്‍ നിര്‍ബന്ധവുമാണ്.* രോഗം സുഖപ്പെടുമെന്നു പ്രതീക്ഷയുള്ള രോഗിക്കും നോമ്പനുഷ്ഠാനത്തിനു രോഗാവസ്ഥയില്‍ ഇളവുണ്ട്. ഇത്തരം രോഗികള്‍ക്കു രോഗകാലത്ത് നഷ്ടമായ നോമ്പ് വീണ്ടെടുക്കല്‍ നിര്‍ബന്ധമാകുന്നു...
Post a Comment